ദൈവത്തിന്റെ വചനവും, പ്രവചനവും, ദർശനവും കിട്ടിയ വ്യക്തിയായിരുന്നു ബിലെയാം.
ബിലെയാമിന്റെ ഒരു പ്രാർത്ഥന ഇപ്രകാരം ആയിരുന്നു.
"ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ"
സംഖ്യാ 23:10
ഭക്തന്മാർ മരിക്കുന്നപോലെ മരിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഭക്തിയോടെ ജീവിക്കണം.
യാക്കോബ് ഇങ്ങനെ എഴുതി.
" നിങ്ങളിൽ ഒരുവൻ തന്റെ നാവിനു കടിഞ്ഞാണിടാതെ
തന്റെ ഹ്യദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്ന്
നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തു
കൊള്ളുന്നതുമാണ്.
യാക്കോബ് 1:26,27
ബിലയാം താൻ ഭക്തനെന്നു കരുതി ജീവിച്ചു. ബിലയാമിനെ
കുറിച്ചു കൂടുതൽ
വിവരണം സംഖ്യാ
പുസ്തകത്തിലാണുള്ളത്.
യിസ്രായേല്യർ അമരോര്യരെ
തോല്പിച്ചു.
യിസ്രായേല്യരുടെ ജയം കേട്ടറിഞ്ഞ ബാലാക് തങ്ങളെ അവർ നശിപ്പിച്ചുകളയുമെന്നു ഭയപ്പെട്ടു. ദൈവഭക്തനും പ്രവാചകനുമായിരുന്ന ബിലെയാമിനെ വിളിപ്പാൻ മോവാബ്യമൂപ്പന്മാരേയും മിദ്യാനമൂപ്പന്മാരേയും കയ്യിൽ പ്രശ്ന
ദക്ഷിണയുമായി അയക്കുകയും ചെയ്തു. എന്നാൽ ബിലെയാം ദൈവത്തോടു ആലോചന ചോദിച്ചപ്പോൾ പോകരുതെന്നു ദൈവം
പറഞ്ഞു. ആ വിവരം വന്നവരെ അറിയിച്ചു. അവർ കാര്യം
ബാലാക്കിനെ അറിയിച്ചു.
ബാലാക് കൂടുതൽ
മാന്യരായ പ്രഭുക്കളെ ബിലയാമിന്റെ അടുക്കൽ അയച്ചു. രണ്ടാമതും ബിലയാം ആലോചന ചോദിച്ചപ്പോൾ ദൈവം അനുവാദം കൊടുത്തു. എന്നാൽ ദൈവം കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നതിനു കഴുതയെ കൊണ്ടു യഹോവ സംസാരിപ്പിച്ചു, ദൈവം ബിലയാമിനു ആലോചന പറഞ്ഞു കൊടുത്തു.
കാരണം ബിലയാമിന്റെ വഴി നാശകരം
എന്നു യഹോവ കണ്ടു.
ബിലയാം ബാലാക്കിന്റെ പ്രവാചകന്മാരോടുകൂടെ
പോയി. എന്നാൽ ബാലാക് ആഗ്രഹിച്ച പോലെ ബിലയാം യിസ്രായേലിനെ ശപിച്ചില്ല. പകരം
അനുഗ്രഹിച്ചു. ബാലാക് മാറി മാറി മൂന്നു സ്ഥലത്തു
കൊണ്ടുപോയി
ബിലയാമിനെ നിർത്തി, ശപിക്കുവാൻ ആവശ്യപ്പെട്ടതായി
സംഖ്യാ പുസ്തകം 23,24 അദ്ധ്യായങ്ങളിൽ കാണാം.
എന്നാൽ മൂന്നു തവണയും ബിലെയാം ദൈവത്തിന്റെ കല്പനകളിൽ
ഉറച്ചു നിന്നു. ബിലെയാം മടങ്ങിപ്പോയി. എന്നാൽ ബാലാക്കിന്റെ വെള്ളിയിലും
പൊന്നിലും ബിലെയാമിൽ മോഹം ജനിച്ചു. അവൻ ദൈവത്തിന്റെ
കല്പന ധിക്കരിച്ചു യിസ്രായേലിനെ ശപിച്ചില്ല. പക്ഷേ യിസ്രായേലിനു നാശം ഭവിക്കുവാൻ ബാലാക്കിനു ഉപദേശം പറഞ്ഞു കൊടുത്തു. യിസ്രയേലിന്റെ
ശക്തി എന്താണെന്നു ബിലെയാമിനു നന്നായി അറിയാമായിരുന്നു. ബിലെയാം യിസ്രായേല്യരെ കുറിച്ചു ഇങ്ങനെ
പ്രവചിച്ചതുമാണു.
"ഇതാ തനിച്ചു പാർക്കുന്നോരു ജനം . ജാതികളുടെ കൂട്ടത്തിൽ
എണ്ണപ്പെടുന്നതുമില്ല."
സംഖ്യാ പുസ്തകം 23:9
ലോകത്തിൽ നിന്നും വേറിട്ട ഒരു ജീവിതമാണു യിസ്രായേല്യർ
നയിച്ചതു എന്നറിഞ്ഞ ബിലെയാം ബാലാക്കിനു ഉപദേശം കൊടുത്തു. ബാലാക്ക്
ബിലെയാമിന്റെ ഉപദേശപ്രകാരം അവരുടെ വേറിട്ട ജീവിതം അവസാനിപ്പിക്കുവാൻ സുന്ദരികളായ മോവാബ്യ സ്ത്രീകളെ അവരുടെ അടുക്കലേക്കയച്ചു.
"യിസ്രായേല്യർ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി
പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു
വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാര നമസ്ക്കരിക്കയും ചെയ്തു.
യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു."
സംഖ്യാ 25:1-3
യഹോവയുടെ കോപം അവരുടെ നേരെ വന്നു. ബാധയാൽ ഇരുപത്തിനാലായിരം പേർ മരിച്ചു.
ബിലയാം പുറമേ നോക്കിയാൽ
ഭക്തനായിരുന്നു. ദൈവ കല്പനകൾ പാലിച്ചുനടന്നവൻ.
എന്നാൽ ലോകത്തിന്റെ ധനം അവനെ വീഴ്ത്തി കളഞ്ഞു. ബാലാക്കിന്റെ വെള്ളിയും പൊന്നും അവന്റെ ഭക്തിയെ കെടുത്തി കളഞ്ഞു.
ബാലാക്കിനു ദുരുപദേശം കൊടുത്തു. പ്രത്യക്ഷത്തിൽ
നോക്കുമ്പോൾ അവൻ യിസ്രായേലിനെ അനുഗ്രഹിച്ചു.
പക്ഷേ ശത്രുവിന് അവരുടെ നാശത്തിലേക്കുള്ള വഴി ഉപദേശിച്ചു കൊടുത്തു. ഈ ഉപദേശമാണു
യിസ്രായേലിൽ ബാധവരുവാൻ
കാരണമായതു എന്നു സംഖ്യാ പുസ്തകം 31-ാം അദ്ധ്യായം 16-ാം
വാക്യത്തിലും 2പത്രോസ് 2:15ലും പറയുന്നു.
വെളിപ്പാടു പുസ്തകത്തിൽ ഇപ്രകാരം നാം കാണുന്നു.
"യിസ്രയേൽക്കാർ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും
ദുർന്നടപ്പു ആചരിക്കേണ്ടതിനും
അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിനു
ഉപദേശിച്ചു കൊടുത്ത ബിലയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു" വെളിപ്പാടു 2:14
സ്ത്രീ സൗന്ദര്യം ആരേയും വശീകരിക്കരുതു. ശിംശോനു
പറ്റിയ തെറ്റു അതാണു. ലോകത്തിന്റെ സൗന്ദര്യത്തിൽ
മതിമറന്നപ്പോൾ കണ്ണു കുരുടായി. ആത്മീയ ചൈതന്യം നഷ്ടപ്പെട്ടു. യിസ്രായേൽമക്കൾ
ദൈവത്തെ സേവിച്ചു നീങ്ങിയവരാണു. മോവാബ്യ സ്ത്രീകളുടെ സൗന്ദര്യം അവരെ
കീഴ്പ്പെടുത്തി. അവരോടൊപ്പം
അന്യവിഗ്രഹങ്ങളെ സേവിച്ചു.അനേകർ ദൈവകോപത്തിന്
ഇരയായി.
നാശകരമായ ഉപദേശം കൊടുത്ത ബിലെയാമിനു എന്തു സംഭവിച്ചു? വചനവും, പ്രവചനവും ദർശനവും ഉണ്ടായിരുന്നവൻ.
ഭക്തൻ മരിക്കുന്ന പോലെ മരിക്കണം എന്ന്
ആഗ്രഹിച്ചവൻ. എന്നാൽ ബിലെയാം ഒരു ഭക്തനെപോലെ മരിച്ചില്ല. അവന്റെ മരണം അതിദാരുണമായിരുന്നു.
"യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ
ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനേയും വാൾ കൊണ്ടു കൊന്നു"
യോശുവാ 13:22
ഭക്തന്മാർ മരിക്കുന്നതുപോലെ
മരിക്കണമെങ്കിൽ ഭക്തന്മാർ
ജീവിക്കുന്നതു പോലെ ജീവിക്കണം. ബിലെയാമിന്റെ
ജീവിതത്തിലെ പാഠങ്ങൾ
ഉൾക്കൊണ്ടു ഭയഭക്തിയോടെ നമുക്ക്
ജീവിക്കാം.
പാപമില്ലാത്ത ജീവിതം
കാലം നമ്മെ നോക്കി നിൽക്കുന്നില്ല