സിനി മോൾ മൂന്ന് വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരിന്നു , ഒരു സ്കൂളിൽ ചില കുട്ടികളുടെ പ്രത്യേക ഉത്തവാദിത്തമുള്ള  കെയർ അസിസ്റ്റന്റ്  ആയി  ജോലി ചെയ്യുന്നു. തൻറെ മൂന്നുമക്കളുടെയും നാട്ടിലുള്ള തൻറെ മാതാപിതാക്കളുടെയും ഉത്തവാദിത്വം തനിക്കുള്ളതുകൊണ്ടു വളരെ നേരം താൻ ജോലി ചെയ്തിരുന്നു. ജീവിതം അത്ര സുഖകരമായിരുന്നില്ല, പക്ഷേ അവൾ എപ്പോഴും ശാന്തമായി ദൈവത്തിൽ ആശ്രയിക്കുകയും നന്നായി ജോലി ചെയ്യുകയും ചെയ്തു.

എന്നാൽ താൻ പ്രതീക്ഷച്ചിതിനു വിപരീതമായി ചില സംഭവങ്ങൾ ഉണ്ടായി. ആ രാജ്യത്തെ നിയമത്തിൽ വന്ന മാറ്റങ്ങൾ വിസ പുതുക്കുന്നതിന് തടസ്സമായി. ഇനി ചില നാളുകൾ കഴിയുമ്പോൾ വിസാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. നാട്ടിൽ പോകണ്ട വന്നാൽ എന്ത് ചെയ്യുമെന്നറിയില്ല. വീട്ടിൽ നിന്ന് ഫോൺ വന്നു.  അവളുടെ അമ്മ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. കൂടാതെ താൻ താമസിക്കുന്ന വീടിന്റെ വാടക  വീട്ടുടമസ്ഥൻ വർദ്ധിപ്പിച്ചിരിക്കുന്നു.

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും  വിസ പുതുക്കാൻ ഹോം ഓഫീസിൽ കൊടുത്തെങ്കിലും ഒരു മറുപടിയും ലഭിക്കുന്നില്ല. 

നവംബറിലെ ഒരു തണുത്ത വൈകുന്നേരം, സിനിമോൾ സ്കൂളിന്റെ പുറത്തുള്ള ഒരു ബെഞ്ചിൽ ഇരുന്നു, ചാരനിറത്തിലുള്ള ആകാശത്തേക്ക് നോക്കി. വർഷങ്ങളായി അവൾ മന്ത്രിച്ച ഓരോ പ്രാർത്ഥനയും കാറ്റിൽ അലിഞ്ഞുപോയതുപോലെ അവൾക്ക് ശൂന്യത തോന്നി.

“ദൈവമേ, ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല,” അവൾ ആത്മഗതം പോലെ പറഞ്ഞു.

ജീവിതത്തിൽ ആദ്യമായി, പ്രതീക്ഷ ഇല്ലാതാകുന്നതായി അവൾക്ക് തോന്നി. എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും തകർന്നതുപോലെ തോന്നി.

അവൾ അവിടെ ഇരിക്കുമ്പോൾ, അവൾ സ്കൂളിൽ പരിചരിക്കുന്ന ഒരു കുട്ടിയുടെ ഗ്രാൻഡ് മദർ, മിസ്സിസ് തോംസൺ  അവളുടെ അടുത്തേക്ക് വന്നു. ആ അമ്മ വളരെ പ്രായം ചെന്നവളും രോഗിയുമായിരുന്നു. ഒരു ഊന്നു  വടിയുടെ സഹായത്തിലാണ് ആ 'അമ്മ  അവളുടെ അടുത്തേക്ക് വന്നത്.

“ഹായ് സിനിമോൾ ,” മിസ്സിസ് തോംസൺ അവളെ താഴ്ന്ന സ്വരത്തിൽ വീളിച്ചു , “ഈ  ലോകത്തിന്റെ  ഭാരം മുഴുവൻ ചുമക്കുന്ന ഒരാളെ പോലെയാണല്ലോ  നിന്നെ കാണുമ്പോൾ. എന്താണിത്ര ഭാരം?”

സിനിമോൾ പുഞ്ചിരിക്കുവാൻ ശ്രമിച്ചു, “ഏറ്റവും കഠിനമായ ആഴ്ച.”

 

മിസ്സിസ് തോംസൺ അവരുടെ അരികിൽ ഇരുന്നു. “എന്റെ ഭർത്താവ് മരിച്ചപ്പോൾ, എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. പക്ഷേ ഒരു ബൈബിൾ വാക്യം  എനിക്ക് അതിശയകരമായ ധൈര്യം തന്നു : ‘ സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. സങ്കീർത്തനങ്ങൾ 30:5 ’ അത് വായിച്ച സമയത്ത് ഒന്നും സംഭവിച്ചില്ല ... പക്ഷേ ദൈവം തന്റെ വാക്ക് എന്റെ ജീവിതത്തിൽ പാലിച്ചു.”

സിനിമോൾക്ക്  കണ്ണു നിറയുന്നതായി തോന്നി. അവൾ ആ വാക്യം മുമ്പ് കേട്ടിരുന്നു, പക്ഷേ ഇന്ന് ഈ വെകുന്നേരത്ത് തന്നിൽ ഒരു പ്രതീക്ഷയും വിശ്വാസവും വർധിച്ചതുപോലെ തോന്നി.

മിസ്സിസ് തോംസൺ തുടർന്നു, “പ്രതീക്ഷ ഒരു വികാരമല്ല. ദൈവം ഇപ്പോഴും നിനക്കുവേണ്ടി ചിലത് കരുതിയിട്ടുണ്ടെന്നു  വിശ്വസിക്കുക.”

ആ വാക്കുകൾ സിനിമോളുടെ  ഹൃദയത്തിൽ പതിഞ്ഞു.

ആ രാത്രി, അവൾ വീണ്ടും പ്രാർത്ഥിച്ചു - വളരെ ശാന്തതയോടെ, കീഴടങ്ങലോടെ.

“കർത്താവേ, ഞാൻ ഒരു വഴിയും മുന്നിൽ  കാണുന്നില്ല... പക്ഷേ അങ്ങേക്ക് എന്നെക്കുറിച്ച് ഒരു കരുതൽ ഉണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നു.”

പിറ്റേ ദിവസം അവിടുത്തെ MPക്ക് ഒരു ലെറ്റർ അയക്കാൻ ഒരു പ്രേരണ തോന്നി. താനൊരു എഴുത്തയച്ചാൽ എംപി നോക്കുമോ? നോക്കിയാൽ തന്നെ ഞാൻ മറ്റൊരു രാജ്യക്കാരിയാണ് തുടങ്ങിയ സംശയങ്ങൾ എല്ലാം ഉണ്ടായിരുന്നു. എങ്കിലും ഉള്ളിൽ തോന്നിയ പ്രേരണയാൽ ഒരു കത്തെഴുതി. തന്റെ പ്രശ്നം അതിൽ എഴുതി.

അടുത്ത ഏതാനും ദിവസങ്ങൾക്കകം, അവൾക്ക് ഒരു ലെറ്റർ കിട്ടി പൂർണമായ വിവരം അന്വേഷിച്ചു കൊണ്ട് എംപിയുടെ ലെറ്റർ. ഏതാനും ദിവങ്ങൾക്കകം അത്ഭുതകരമായി ഹോം ഓഫീസിൽ നിന്ന് വിസക്കുള്ള കോണ്ഫിര്മഷൻ ലഭിച്ചു. ഇതൊന്നു ചേർന്നു തന്നെ സ്കൂളിലെ മറ്റുള്ള അപേക്ഷകർക്കും വിസ ലഭിച്ചു.

- അമ്മയുടെ മെഡിക്കൽ ബില്ലുകളുടെ ഒരു ഭാഗം ഒരു ചാരിറ്റി ഏറ്റെടുത്തു

- വാടകയ്ക്ക് വിലകുറഞ്ഞ ഒരു മുറി കണ്ടെത്താൻ ഒരു സുഹൃത്ത് അവളെ സഹായിച്ചു

അതൊന്നും തൽക്ഷണം സംഭവിച്ചില്ല. അതൊന്നും നാടകീയമായിരുന്നില്ല. എന്നാൽ ഓരോ കാര്യങ്ങളും ദൈവം അതതിന്റെ സമയത് ചെയ്തു തന്നു , കാതിൽ  "ഞാൻ നിന്നെ മറന്നിട്ടില്ല." എന്ന ശബ്‍ദം കേൽക്കുന്നതുപോലെ തോന്നി.

മാസങ്ങൾക്കുശേഷം, സിനിമോൾ ആ തണുത്ത നവംബറിലെ സായാഹ്നത്തിലേക്ക് തിരിഞ്ഞുനോക്കി,

അവളുടെ സാഹചര്യങ്ങൾ മാറിയതിനാൽ അവളുടെ പ്രത്യാശ വർദ്ധിച്ചു .

അവൾ പ്രതീക്ഷ മുറുകെ പിടിക്കാൻ തീരുമാനിച്ചതിനാൽ അവളുടെ സാഹചര്യങ്ങൾ മാറി.

പ്രീയ സുഹൃത്തേ, ഇത് എനിക്ക് വളരെ അടുത്ത് അറിയാവുന്ന ഒരാളുടെ ജീവിതാനുഭവമാണ്. പലപ്പോഴും ജീവിതത്തിൽ ഒന്നും നമ്മുക്ക് അനുകൂലമല്ല എന്ന സാഹചര്യം നേരിടുമ്പോൾ, നമ്മൾ നിരാശപെട്ടുപോകും. ഇനി രക്ഷയില്ല എന്ന് തോന്നുമ്പോൾ ചിലർ താത്കാലിക ആശ്വാസത്തിനായി പുകവലി, മദ്യപാനം തുടങ്ങിയ പ്രവൃത്തികളിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. തത്കാലത്തേക്ക് എല്ലാം മറക്കുമെങ്കിലും പ്രശ്നങ്ങൾ അവിടെത്തന്നെയുണ്ട്. അത് ജീവിതം കൂടുതൽ ദുഷ്കരമാക്കും . ചിലർ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യയിലേക്കോ വിഷാദ രോഗങ്ങളിക്കോ വീണുപോയി എന്നുവരാം.  ഇതൊന്നും ജീവിതത്തിൽ സമൂലമായ മാറ്റം ഉണ്ടാക്കാൻ പര്യാപ്‌തമല്ല. ജീവിതത്തിൽ ഒരുകാലവും അതുപോലെ എന്നും നില്കില്ലയെന്നു നാം മനസ്സിലാക്കണം. "ഈ കാലവും കഴിഞ്ഞു പോകും"

 

ലോകപ്രശസ്തനായ മിഷിനറി ജോർജ് മുള്ളർ കപ്പലിൽ യാത്രചെയ്യുകയായിരുന്നു. ന്യൂഫൗണ്ട്ലാൻഡിൽനിന്ന് ക്യൂബക്കിലേക്ക് പോകുന്നതായിരുന്നു ആ കപ്പൽ. പക്ഷേ യാത്ര പുറപ്പെട്ട് അല്പദൂരം ചെന്നപ്പോൾ കനത്ത മൂടൽമഞ്ഞ്. മുന്നോട്ടുപോകാൻ ഒരു നിവൃത്തിയുമില്ല. ബൈനോക്കുലറിലൂടെ മൂടൽമഞ്ഞിലേക്ക് തുറിച്ചുനോക്കി കപ്പലിന്റെ ഡെക്കിൽ നിസ്സഹായനായി ഇരിക്കുകയാണ് ക്യാപ്റ്റൻ.

 

ജോർജ് മുള്ളർ മേൽത്തട്ടിലേക്ക് കയറിച്ചെന്ന് ക്യാപ്റ്റനോടു പറഞ്ഞു: “ക്യാപ്റ്റൻ, എനിക്കു ശനിയാഴ്ച ഉച്ചകഴിയുമ്പോൾ ക്യൂബക്കിൽ ഒരു പ്രോഗ്രാം ഉണ്ട്. അപ്പോഴേക്കും കപ്പൽ അവിടെ എത്തുമല്ലോ”. ക്യാപ്റ്റൻ പറഞ്ഞു: “അതൊരിക്കലും നടക്കുകയില്ല. ഈ മൂടൽമഞ്ഞിൽ എനിക്കൊരു ഇഞ്ചു പോലും മുന്നോട്ടു നീങ്ങാനാവുന്നില്ല. പിന്നല്ലേ ശനിയാഴ്ച ക്യൂബക്കിൽ എത്തുന്നത്?”

 

“കഴിഞ്ഞ അൻപത്തിയേഴ് വർഷമായി ഒരിക്കൽ പോലും ഏറ്റ ഒരു പരിപാടി മുടക്കാൻ ദൈവം എനിക്കിടയാക്കിയിട്ടില്ല. ഇക്കുറിയും ദൈവം അത് അനുവദിക്കുകയില്ല. നമുക്ക് താഴെയുള്ള ചാർട്ടുമുറിയിലേക്ക് പോയി പ്രാർത്ഥിക്കാം” മുള്ളർ സംശയം കൂടാതെ പറഞ്ഞു. ക്യാപ്റ്റൻ അത്ഭുതത്തോടെ ചോദിച്ചു “മിസ്റ്റർ മുള്ളർ, നിങ്ങൾ ഈ കനത്ത മൂടൽമഞ്ഞ് കാണുന്നില്ലേ?”. “ഇല്ല. എന്റെ ചുറ്റുപാടുകളിലേക്കോ, പരിതഃസ്ഥിതിയിലേക്കോ അല്ല എന്റെ കണ്ണു പായുന്നത്. മറിച്ച്, അവയെ നിയന്ത്രിക്കുന്ന ദൈവത്തിലാണെന്റെ കണ്ണ്” മുള്ളറുടെ മറുപടി.

 

ക്യാപ്റ്റനു പിന്നെ പ്രതിവാദമില്ലാതായി. ഇരുവരും താഴെയുള്ള മുറിയിലേക്കു പോയി. മുള്ളർ മൂടൽമഞ്ഞുമാറാനും കൃത്യസമയത്തു ക്യൂബക്കിൽ എത്താനുംവേണ്ടി ലളിതമായി, ഹ്രസ്വമായി പ്രാർത്ഥിച്ചു. അദ്ദേഹം പ്രാർത്ഥിച്ചുകഴിഞ്ഞപ്പോൾ ക്യാപ്റ്റനും പ്രാർത്ഥിക്കാൻ മുതിർന്നു. അപ്പോൾ ജോർജ് മുള്ളർ സ്നേഹത്തോടെ ക്യാപ്റ്റന്റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു: “ക്യാപ്റ്റൻ, പ്രാർത്ഥിക്കണമെന്നില്ല, ഒന്നാമതു താങ്കൾ വിശ്വസിക്കുന്നില്ല. രണ്ടാമതു ദൈവം ഇതിനകം തന്നെ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. പിന്നെ എന്തിനാണു വീണ്ടും പ്രാർത്ഥിക്കുന്നത്? എഴുന്നേറ്റ് വാതിൽ തുറന്നുനോക്കൂ. പ്രാർത്ഥനയുടെ മറുപടി നിങ്ങൾക്കു കാണാം”. ക്യാപ്റ്റൻ എഴുന്നേറ്റു വാതിൽ തുറന്നു. അത്ഭുതം! മൂടൽമഞ്ഞുമാറിയിരിക്കുന്നു. മുള്ളർ ആഗ്രഹിച്ചതുപോലെ ശനിയാഴ്ച ഉച്ചയ്ക്കുമുമ്പുതന്നെ കപ്പൽ ക്യൂബക്കിൽ എത്തിച്ചേർന്നു.

 

ഇദ്ദേഹം തന്റെ പ്രതികൂല സാഹചര്യത്തിൽ തന്നെ ഇതുവരെ നടത്തിയ ദൈവത്തിൽ പൂർണമായും വിശ്വസിച്ചു. എല്ലാ പ്രതിക്കൂല സാഹചര്യത്തിലും യേശു ക്രിസ്തുവിൽ വിശ്വസിക്കാൻ കഴിഞ്ഞാൽ അവിടുന്ന് നിങ്ങള്ക് ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി നിങ്ങളെ അനുഗ്രഹിക്കും. മനുഷ്യന്റെ ഹൃദയത്തിലെ പാപമാണ് ദൈവത്തോട് അടുത്ത് ചെല്ലാൻ കഴിയാതെ മനുഷ്യരെ ദൈവത്തിൽ നിന്ന് അകറ്റി കളയുന്നത്. യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നത് നമ്മുടെ ഒരോരുത്തരുടേയും പാപപരിഹരത്തിനായാണ്. യേശു ക്രിസ്തു കുരിശിൽ മരിച്ചത് നമ്മുടെ പാപത്തിന് പകരമായിട്ടാണ്. യേശു ക്രിസ്തുവിലൂടെ നിങ്ങൾക്കും ദൈവത്തിന്റെ അടുത്തേക്ക് എത്തുവാൻ കഴിയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കട്ടെ. ആമേൻ

 

എബ്രായർ 10 : 23 പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. (മത്തായി 7:8)


Related Articles

Top