തിരുവെഴുത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ പാപം വ്യാജം പറയുന്നതാണ്. ദൈവസഭയിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട പാപം വ്യാജം കാണിച്ചതാണ് . തിരുവെഴുത്തിൽ അവസാനമായി ശിക്ഷ വിധിക്കുന്നത് വ്യാജം പ്രവർത്തിക്കുന്നവരെയാണ്.
ദൈവം വെറുക്കുന്ന ഏഴു കാര്യങ്ങളിൽ ആദ്യ കാര്യം തന്നെ വ്യാജമുള്ള നാവാണ്. ഇതെല്ലാം കാണിക്കുന്നത് വ്യാജത്തെയും വ്യാജഭാവത്തെയും ദൈവം എത്ര മാത്രം ഗൗരവമായി കാണുന്നു എന്നതാണ്.
പിശാചിനെ ഭോഷ്കു പറയുന്നവൻ എന്നും ഭോഷ്കു പറയുന്നവരുടെ പിതാവ് എന്നുമാണ് കർത്താവ് പറഞ്ഞത് വീഴ്ച പറ്റിയ ആദമിൽ നിന്നും ജനിക്കുന്ന എല്ലാവരിലേക്കും പിശാചിൻ്റെ ഈ പാപസ്വാഭാവം പടർന്നു കയറുന്നു. അതിനാൽ തന്നെ മനുഷ്യൻ ബാല്യത്തിൽ തന്നെ വ്യാജം കാണിക്കുന്നു എന്ന് സഭാപ്രസംഗി പറയുന്നു. എന്നാൽ യഥാർത്ഥമായ മനസാന്തരത്തോടെ ദൈവസന്നിധിയിൽ വരുമ്പോൾ ദൈവത്തിനു നമ്മെ പൂർണ്ണമായും മാറ്റുവാൻ കഴിയും.
യാക്കോബിന്റെ ജീവിതം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. പഴയനിയമത്തിലെ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ് യാക്കോബ്. ഉല്പത്തി പുസ്തകത്തിന്റെ പകുതിയോളം യാക്കോബിന്റെ ജീവിതമാണ് വിവരിക്കുന്നത്. ജനിച്ചപ്പോൾ സഹോദരന്റെ കുതികാൽ പിടിച്ചു കൊണ്ട് തുടങ്ങിയ യാക്കോബിന്റെ ജീവിതം തൻ്റെ പേര് പോലെ തന്നെ ചതിയും , വ്യാജവും, വഞ്ചനയും നിറഞ്ഞതായിരുന്നു. എന്നാൽ ദൈവം യാക്കോബിനെ സ്നേഹിക്കുകയും ,ബെഥേലിൽ വച്ച് പ്രത്യക്ഷപ്പെടുകയും അനുഗ്രഹം വാഗ്ദാനം ചെയ്യുകയും തുടർന്ന് തന്നെ നീണ്ട 21 വർഷങ്ങളിലൂടെ ദൈവീക ശിക്ഷണത്തിലൂടെ കടത്തിവിടുകയും ചെയ്യുന്നു.
ഒടുവിൽ പെനിയേലിൽ വച്ച് യാക്കോബ് ദൈവത്തെ മുഖാമുഖം കാണുകയും പൊരുതുകയും ,മനസാന്തരപ്പെടുകയും തൻ്റെ സ്വഭാവത്തെ മാറ്റുവാൻ കരഞ്ഞു ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. ദൈവം യാക്കോബിന്റെ സ്വാഭാവത്തെയും അതോടൊപ്പം പേരിനെയും മാറ്റുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
ദൈവമക്കൾ എന്ന് പേരുള്ള പലരുടെയും ജീവിതത്തിൽ അവർ യാക്കോബിനെ പോലെ ദൈവത്തെ ബെഥേലിൽ കണ്ടിട്ടുള്ളവർ മാത്രമാണ്. എന്നാൽ അവർ ദൈവവുമായി ഒരിക്കലൂം മുഖാമുഖം കണ്ടിട്ടില്ല. അതിനാൽ അവരുടെ സ്വഭാവത്തിൽ രൂപാന്തരം വന്നിട്ടില്ല. അതിനാൽ അവർ അവർ വ്യാജം പറയുകയും, കാണിക്കുകയും , പ്രവർത്തിക്കുയും ചെയ്യുന്നു. അതിനാൽ തന്നെ അവരിലൂടെ ദൈവനാമം ദുഷിക്കപ്പെടുന്നു.
എന്നാൽ യാക്കോബിനെപ്പോലെ ദൈവത്തെ മുഖാമുഖം ദർശിക്കുകയും, യഥാർത്ഥമായി മനസാന്തരപ്പെടുകയും ദൈവം രൂപാന്തരപ്പെടുത്താൻ തന്നെത്താൻ ഏൽപ്പിക്കുകയും , തന്നെത്താൻ ത്യജിച്ചു ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുകയും ചെയ്യുമ്പോൾ ദൈവത്തിനു നമ്മെ പൂർണ്ണമായും രൂപാന്തരപ്പെടുത്തുവാൻ കഴിയും.