ദൈവ വചനമാകുന്ന വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നതു പ്രകാരം കർത്താവായ യേശു ക്രിസ്തു വിൻ്റെ രണ്ടാം വരവിന് തൊട്ടു മുൻപ് ഈ ലോകം സാക്ഷിയാകുവാൻ പോകുന്ന മഹാ സംഭവം വിശ്വാസ ത്യാഗമാണ് . സത്യ വിശ്വാസത്തിൽ അടിയുറച്ചു നിന്ന അനേകർ ദുരുപദേശങ്ങളിലേക്കു വഴുതി മാറും .
പൗലോസ് അപ്പോസ്തോലനിൽ കൂടി പരിശുദ്ധാത്മാവ് ഇപ്രകാരം രേഖപ്പെടുത്തി ;
" കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്.
ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം "
( 2 തെസ്സ 2:2-3 )
കർത്താവിൻ്റെ വരവിൻ്റെ തൊട്ടു മുൻപ് ലോകമെമ്പാടും വലിയ ഒരു ആത്മീക ഉണർവ്വ് ഉണ്ടാകും എന്നും ആ ഉണർവ്വിൻ്റെ മൂർദ്ധന്യതയിൽ നമ്മുടെ കർത്താവ് മടങ്ങി വരും. എന്നും പഠിപ്പിക്കുന്നത് കടുത്ത ദുരുപദേശമാണ് .
ഇപ്പോൾ ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ നടന്നു കൊണ്ടിരിക്കുന്ന " ലിക്വിഡ് ഫയർ ( ദ്രവീകൃത അഗ്നി ) ഇടയ്ക്കു കെട്ടടങ്ങിയ ഒരു കടുത്ത ദുരുപദേശത്തിൻ്റെ കുറച്ചു കൂടി ആധുനീക രൂപമാണ്. കേരളക്കരയിലെ സകല ദുരുപദേശകരും ഇപ്പോൾ അവിടെ താവളമടിച്ചിരിക്കുകയാണല്ലോ .
ഒപ്പം രഹസ്യമായും പരസ്യമായും മുഖ്യധാരാ പെന്തെക്കോസ്തിൻ്റെ ഭാഗമായി നിൽക്കുന്ന കുറെ പ്രമുഖരും അവിടെ പോയി എന്തോ പ്രാപിക്കാനുള്ള തത്രപ്പാടിലാണ് എന്ന് അറിയുന്നു .
പ്രപഞ്ച സൃഷ്ടിതാവായ മഹാ ദൈവത്തിൻ്റെ പരിപൂർണ്ണതയുള്ള വെളിപ്പാടിൻ്റെ എഴുതപ്പെട്ട രേഖയായ വിശുദ്ധ ബൈബിളിൽ ഒരിടത്തും പരിശുദ്ധാത്മാവ് അഗ്നിയാണ് എന്ന് പറഞ്ഞിട്ടില്ല . ദൈവ വചനത്തെ അതിൻ്റെ പ്രവർത്തന രീതിയുമായി ബന്ധപ്പെട്ട് അഗ്‌നിയോട് ഉപമിപ്പിച്ചിട്ടുണ്ട്. എന്നാൽ പരിശുദ്ധാത്മാവിനെ തീയോട് ബൈബിളിൽ ഒരിടത്തും സാദൃശ്യപ്പെടുത്തുന്നില്ല .
അഗ്നി സ്നാനം എന്നത് വിശ്വാസികൾക്കുള്ളതും അല്ല . അത് അവിശ്വാസികൾക്കുള്ളതാണ് .
ചിലർ വളച്ചൊടിക്കുന്ന ആ തിരുവചന ഭാഗം ചുവടെ ചേർക്കുന്നു ;
" ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ;
എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
വീശുമുറം അവന്റെ കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
( മത്തായി 3:10-12 )
ഒറ്റവാക്യത്തിൽ നിന്നും കൊണ്ട് ഒരു ഉപദേശം സ്ഥാപിക്കുവാൻ സാധ്യമല്ല. അതിൻ്റെ മുകളിലും താഴെയും പറയുന്ന വാക്യങ്ങൾ കൂടി വായിച്ചാൽ മാത്രമേ അത് എന്താണ് എന്നു മനസ്സിലാകുകയുള്ളൂ . ഇവിടെ തന്നെ, ശ്രവിക്കുന്ന പരീശൻമാരോടും സദൂക്യരോടും സ്നാപക യോഹന്നാൻ പറയുകയാണ് അബ്രഹാമിൻ്റെ സന്തതി യായതു കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേക ആനുകൂല്യം ലഭിക്കുകയില്ല . മാനസാന്തരപ്പെട്ട് അതിനു യോഗ്യമായ ഫലം കായ്ക്കണം . എൻ്റെ പിന്നാലെ വരുന്ന യേശുക്രിസ്തു പരിശുദ്ധാത്മാവിലും തീയിലും സ്നാനം കഴിപ്പിക്കുന്നവനാണ് .
ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത പരിശുദ്ധാത്മാവും തീയും ഒന്നു തന്നെയായിരുന്നു എങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു . പരിശുദ്ധാത്മ സ്നാനം വേറെ - അഗ്നി സ്നാനം വേറെ .പരിശുദ്ധാത്മ സ്നാനം വേറെ അഗ്നി സ്നാനം വേറെ എന്നതുകൊണ്ടാണ് രണ്ടും വെവ്വേറെ തന്നെ എടുത്ത് പറഞ്ഞിരിക്കുന്നത് .
പിന്നീട് പറയുന്നത് ശ്രദ്ധിക്കുക ;
ഗോതമ്പ് കളപ്പുരയിലേക്കു മാറ്റുമ്പോൾ പതിർ തീക്കിരയാക്കുകയാണ് ചെയ്യുന്നത് .പരിശുദ്ധാത്മ സ്നാനവും അഗ്നി സ്നാനവും ലഭിക്കുന്നത് ഒരേ വ്യക്തികൾക്കല്ല എന്ന് ഇതിൽ നിന്നും തന്നെ വ്യക്തമാണ് . മാനസാന്തരപ്പെട്ട് അതിനു യോഗ്യമായ ഫലം കായ്ക്കാത്ത വ്യക്തികൾക്കാണ് അഗ്നി സ്നാനം ഒരുക്കിയിരിക്കുന്നത് .
അപ്പോസ്തോല പ്രവൃത്തി 2-ാം അധ്യായം സമർഥമായി വളച്ചൊടിച്ചാണ് അഗ്നി അഭിഷേകം എന്ന ഉപദേശം സ്ഥാപിക്കാൻ ദുരുപദേശകർ ശ്രമിക്കുന്നത് . പ്രവൃത്തി രണ്ടിൽ അഗ്നി അഭിഷേകം എന്ന കാര്യം പറയുന്നുണ്ടോ ? തിരുവചന രേഖ എന്തു പറയുന്നു എന്ന് നമുക്ക് നോക്കാം .
" പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു.
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
( പ്രവൃത്തികൾ 2:1-4 )
ഇവിടെ കൊടിയ കാറ്റടിക്കുന്നതുപോലെ മുഴക്കം ഉണ്ടായി എന്ന് പറയുന്നത് ശ്രദ്ധിക്കുക ;
1 ) ചോദ്യം ഇതാണ് ഇവിടെ കാറ്റാണോ അടിച്ചത് .അതോ മുഴക്കമാണോ ഉണ്ടായത് ?
കൊടിയ കാറ്റടിക്കുന്നതുപോലെ ഒരു മുഴക്കമാണ് ഉണ്ടായത് എന്നതിൽ സംശയം ഇല്ലല്ലോ . ഇവിടെ കാറ്റടിച്ചില്ല . എന്നാൽ കാറ്റിൻ്റെ പോലത്തെ മുഴക്കം ഉണ്ടായി എന്നതാണ് യാഥാർത്ഥ്യം .
2 ) അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി
ഈ വാക്യം ഒന്നു ശ്രദ്ധിച്ചാലും ഇവിടെ തീ ജ്വാല വന്നു എന്നല്ല പറഞ്ഞിരിക്കുന്നത് .തീ ജ്വാല കത്തുന്നത് ചതുര വടിവിൽ അല്ല . അത് കയറിയും ഇറങ്ങിയുമാണ് കത്തുന്നത്. നാളങ്ങൾക്കിടയിൽ പിളർപ്പ് കാണും . ആത്മ പകർച്ച വ്യക്തികളിൽ ഉണ്ടായപ്പോൾ സംഭവിച്ചതും ഇതു തന്നെ. അവിടെ കൂടിയ ആർക്കും അവിടെ തീ കത്തുന്നതായി അനുഭവപ്പെട്ടില്ല . അവിടെ പ്രത്യക്ഷമായ നാവുകൾക്ക് തീ കത്തുന്നതുപോലെ പിളർപ്പ് ഉണ്ടായിരുന്നു .
ഇവിടെ പരിശുദ്ധാത്മ സ്നാനമാണ് നടന്നത് . അഗ്നി സ്നാനം അല്ല . അഗ്നി സ്നാനം എന്ന ഒരു പ്രയോഗം പോലും ഈ ഭാഗത്ത് ഇല്ല . കാരണം അഗ്നി സ്നാനം വിശ്വാസികൾക്കുള്ളതല്ല . അവിശ്വാസികൾക്ക് ഉള്ളതാണ് . എന്നാൽ പരിശുദ്ധാത്മ സ്നാനത്തെ നിഷേധിച്ച് അഗ്നി സ്നാനം എന്ന കടുത്ത വേദ വിപരീത ഉപദേശം പഠിപ്പിച്ച് ജനത്തെ വഴി തെറ്റിക്കുന്നവരെയും അവരെ രഹസ്യമായും പരസ്യമായും പിൻ തുണയ്ക്കുന്നവരെയും കാത്ത് തമ്പുരാൻ യഥാർത്ഥ അഗ്നി സ്നാനം ( നിത്യ നരകം ) ഒരുക്കി വച്ചിട്ടുണ്ട് എന്ന കാര്യം മറക്കരുത് .
തിരുവെഴുത്ത് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു ;
"ജീവനുള്ള ദൈവത്തിന്റെ കൈയിൽ വീഴുന്നത് ഭയങ്കരം "
( എബ്രായർ 10:31)
പ്രിയപ്പെട്ട സഹോദരങ്ങളെ ബാംഗ്ലൂർ ഇലക്ട്രോണിക്സ് സിറ്റിയിൽ റെയ്സണും ഫിന്നിയും പിന്നെ നാട്ടിലെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സകല ദുരുപദേശകരും കൂടി കത്തിക്കുന്നത് അന്യാഗ്നിയാണ് .പരിശുദ്ധാത്മാവുമായി ഇത്തരം കോപ്രായങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല .
അവിടെ നടക്കുന്നത് ആത്മിക ഉണർവ്വല്ല . ആത്മിക ഉണർവ്വ് നടന്നയിടത്തൊക്കെ ജനം മാനസാന്തരത്തിലേക്കു തിരിഞ്ഞിട്ടുണ്ട് . വചനം ഉള്ളിൽ ക്രിയ ചെയ്തവർ പാപ ബോധം നിമിത്തം രക്ഷ പ്രാപിപ്പാൻ എന്തു ചെയ്യണം എന്ന് ചോദിച്ച് അലറി കരഞ്ഞിട്ടുണ്ട് . ഇതൊന്നും അല്ല ബാംഗ്ലൂര് നടക്കുന്നത് . അതെ അവിടെ നടക്കുന്നത് കടുത്ത വിശ്വാസ ത്യാഗമാണ് . തുടക്കത്തിൽ പറഞ്ഞതു പോലെ ഒരു വലിയ ഉണർവ്വിൻ്റെ അത്യുന്നത നിമിഷത്തിൽ അല്ല കർത്താവ് വരുന്നത് നിനയാത്ത നാഴികയിലാണ് . കണ്ട അന്യാഗ്നിക്കാരുടെ കൂടെ പോകാതെ കർത്താവ് എപ്പോൾ വന്നാലും എതിരേൽപ്പാൻ തയ്യാറായി വിശുദ്ധ ജീവിതം നയിക്കുക എന്നതാണ് നമുക്ക് ചെയ്യുവാനുള്ളത് .
തിരുവെഴുത്ത് ഇപ്രകാരം പറയുന്നു ;
“നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”
( ലൂക്കൊസ് 12:40 )
ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.
[ ഈ ലേഖനത്തെ പറ്റിയോ എളിയവന്റെ മറ്റ് ഏതൊരു ലേഖനത്തെ പറ്റിയുമോ അഭിപ്രായമോ / വിമർശനമോ / ഖണ്ഡനമോ ഉള്ളവർക്കും 980 980 77 52. OR 90 74 14 91 93 എന്നീ മൊബൈൽ വാട്ട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ]