ക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളില്‍ വരുമ്പോളാണ് ഒരുവന്‍ ദൈവമകന്‍ ആകുന്നത്. എന്നാല്‍ അങ്ങനെ ജീവന്‍ പ്രാപിച്ച വ്യക്തികളുടെ പ്രാദേശികമായ കൂട്ടം ആണ് പ്രാദേശിക ദൈവസഭ.
വേറൊരു രീതിയില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളിലുള്ള ഒരു അവയവം ആണ് ഒരു വിശ്വാസി എങ്കില്‍, ക്രിസ്തുവിന്റെ ജീവനാല്‍ നിയന്ത്രിക്കപ്പെടുന്ന അവയവങ്ങള്‍ ഒന്ന് ചേര്‍ന്ന ക്രിസ്തുവിന്‍റെ ശരീരം ആണ് സഭ. സഭ എന്നത് ഒരു കെട്ടിടമോ, ഒരു സംഘടനയോ അല്ല.സഭ ഒരു ജീവനുള്ള അവയവങ്ങള്‍ ചേര്‍ന്ന ജൈവീക ശരീരം ആണ്.( Church is not an organization but a living organism) ആ ശരീരത്തിന്‍റെ തലയും, തലവനും, ശരീരത്തിലെ ഓരോ അംഗങ്ങളെയും നിയന്ത്രിക്കുന്നവനും ക്രിസ്തു മാത്രമാണ്.
ഒരു ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തി വ്യത്യസ്തം ആണ് എങ്കിലും എല്ലാ അവയവങ്ങളിലെയും പ്രവര്‍ത്തിപ്പിക്കുന്ന ശരീരത്തിന്‍റെ ഭാഗം ആക്കുന്ന പൊതുഘടകം ശരീരത്തിലെ ജീവന്‍ ആണ്.അത് പോലെ യേശുവിന്‍റെ ജീവന്‍ എന്ന പൊതു ഘടകം ആണ് സഭയിലെ ഓരോ അംഗങ്ങളെയും വര്‍ഗ്ഗ, വര്‍ണ്ണ,ജാതി വ്യത്യാസം ഇല്ലാതെ ഒന്നാക്കുന്നത്.
1 കൊരിന്ത്യര്‍ 12:12 “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും..യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.”
ഗലാത്യര്‍ 3:28
അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
കൊലൊസ്സ്യര്‍ 3:11
അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
യേശുവിന്‍റെ ജീവന്‍ ഉള്ളിലുള്ള വിശ്വാസി എന്ന അവയവം, അങ്ങനെയുള്ള വിശ്വാസികള്‍ കൂടിചേര്‍ന്ന പ്രാദേശിക ദൈവ സഭ, അങ്ങനെയുള്ള പ്രാദേശിക ദൈവ സഭകളുടെ കൂട്ടം ആയ ആഗോള വ്യാപകമായ ( universal )ദൈവസഭ എന്ന മൂന്നു കാര്യങ്ങള്‍ മാത്രമേ ദൈവവചനപ്രകാരം ഉള്ളൂ. ഇതില്‍ ആഗോള വ്യാപകമായ ദൈവസഭ അദൃശ്യം ആണ് കാരണം അതില്‍ ഇന്ന് വരെ ജീവിച്ചിട്ടുള്ള എല്ലാ ദൈവ മക്കളും, ഇനി ജനിക്കാന്‍ പോകുന്ന എല്ലാ ദൈവമക്കളും ഉള്‍പ്പെടുന്നത് ആണ്.
എന്നാല്‍ ദൈവമക്കളുടെ കൂട്ടായ്മയായ പ്രാദേശിക ദൈവ സഭ ദൃശ്യം ആണ്. ഒരു വീണ്ടും ജനിച്ച ദൈവമകന്‍ തീര്‍ച്ചയായും ദൈവവചനപ്രകാരമുള്ള ഒരു പ്രാദേശിക സഭയുമായുള്ള ബന്ധത്തില്‍ വരേണം.കാരണം തലയുമായുള്ള അഭേദ്യ ബന്ധത്തില്‍, ഒരു ശരീരത്തിന്‍റെ ഭാഗമായി മാത്രമേ ഒരു അവയവത്തിനു നിലനില്‍പ്പും, വളര്‍ച്ചയും ഉള്ളൂ.
എഫെസ്യര്‍ 4:16
ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു.
സഭ ക്രിസ്തുവിന്റെ ശരീരമാണു്. അതിന്റെ തല ക്രിസ്തു. പ്രാദേശിക സഭ ദൈവവചന പ്രകാരം സ്വതന്ത്രമാണ്, അതിനു ഭൂമിയില്‍ ഒരു കേന്ദ്രമോ, കേന്ദ്ര നേതാവോ ഇല്ല.
പുതിയ നിയമത്തിലെ എല്ലാ ശുശ്രൂഷകളും ദൈവസഭയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവസഭയുടെ പണിക്കു വേണ്ടിയാണ് ദൈവം ശുശ്രൂഷകരെ നിയമിക്കുന്നത്.ദൈവസഭയില്‍ വോട്ടെടുപ്പോ, തിരഞ്ഞെടുപ്പോ ഇല്ല. ദൈവീക നിയമനം മാത്രമേയുള്ളൂ. ജനാധിപത്യമോ, ഏകാധിപത്യമോ അല്ല, ദൈവധിപത്യം ആണ് സഭയില്‍ ഉള്ളത്. ദൈവം തന്‍റെ സഭയില്‍ ശുശ്രൂഷകരെ നിയമിക്കുന്നു.സഭ ദൈവീക നിയമനത്തെ തിരിച്ചറിയുകയും, അംഗീകരിക്കുകയും, അധികാരങ്ങള്‍ക്ക് കീഴടങ്ങുകയും ചെയ്യുന്നു.
പ്രാദേശികസഭയുടെ നേതൃത്വം മൂപ്പന്മാരിലായിരിക്കണം. ഈ കാര്യം പുതിയനിയമം വ്യക്തമായി പഠിപ്പിക്കുന്നുണ്ടു് (തീത്തോ. 1:5; അപ്പൊ. 14:23) . മൂപ്പന്മാര്‍ എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നതിനാല് ഓരോ സഭയിലും കുറഞ്ഞപക്ഷം രണ്ടു മൂപ്പന്മാരുണ്ടായിരിക്കണം.
തന്‍റെ ശരീരം പണിയുവാനായി ക്രിസ്തു സഭയില് അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. (എഫേ. 4:11). ദൈവികസത്യങ്ങളെ മറനീക്കിക്കാണിക്കുകയും വെളിപ്പെടുത്തുകയും, പാപത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നവരാണു് പ്രവാചകന്മാര്‍. അക്രൈസ്തവരെ ക്രിസ്തുവിലേക്കു വിളിച്ചടുപ്പിക്കുവാന് വരം ലഭിച്ചവരാണു് സുവിശേഷകന്മാര്‍. അപ്രകാരം ചെയ്തശേഷം അവര്‍ ആ ദൈവജനങ്ങളെ ക്രിസ്തുവിന്‍റെ ശരീരമായ ഒരു പ്രാദേശികസഭയിലേക്കു ചേര്ക്കേണ്ടതാണു്.ദൈവസഭയെ കരുതലോടെ നയിക്കുകയും പുലര്‍ ത്തുകയും ചെയ്യുന്നവരാണു് ഇടയന്മാര്‍. തിരുവെഴുത്തുകളെയും അവയിലുള്ള ഉപദേശങ്ങളെയും വിശദമായി പഠിപ്പിക്കുന്നവര്‍ ആണ് ഉപദേഷ്ടാക്കന്മാര്‍.
ഈ ശിശ്രൂഷകളുടെ എല്ലാം ഉദ്ദേശം ദൈവസഭ തലയായ ക്രിസ്തുവിന്‍റെ സമ്പൂർണ്ണത എന്ന പ്രായത്തിന്‍റെ അളവ് പ്രാപിക്കുവാന്‍ വേണ്ടി വിശുദ്ധന്മാരെ ഒരുക്കുക എന്നതാണ്. (എഫേ. 4:12).
എല്ലാ പ്രദേശങ്ങളിലും കര്‍ത്താവിന്‍റെ ശരീരത്തിന്‍റെ ദ്രിശ്യ വെളിപാടായ, ദൈവ വചന പ്രകാരമുള്ള പ്രാദേശിക സഭകള്‍ ഉണ്ടാകേണം എന്നത് ദൈവത്തിന്‍റെ അനാദിനിര്‍ണ്ണയം ആണ് എന്ന് ദൈവവചനം പറയുന്നു.
ക്രിസ്തുവിൽ ആകുക