ക്രിസ്തുവിൽ ആകുക എന്നതും, ക്രിസ്തുവിൽ ദൈവം നമ്മെ തിരഞ്ഞെടുക്കുക എന്നതും ഒരേ കാര്യം അല്ല,  തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങൾ ആണ്. ഒന്ന് ലോകസ്ഥാപനത്തിനു മുൻപേ സമയത്തിനു മുൻപേ നിത്യതയിൽ സംഭവിച്ചതും ഒന്നും സമയബന്ധിതമായി  വിശ്വസിക്കുമ്പോൾ മാത്രം ഒരുവനിൽ സംഭവിക്കുന്നതും .ഇത് രണ്ടും ഒന്നായി പഠിപ്പിക്കുന്നത് അനേക തെറ്റിദ്ധാരണകളെ ഉണ്ടാക്കുന്നു. ഈ രണ്ടു കാര്യങ്ങളും  തമ്മിലുള്ള വ്യത്യാസം ഈ ലേഖനത്തിൽ വിശദമാക്കാൻ ശ്രമിക്കുന്നു.

 

ഒന്നാമതായി നാം എപ്പോൾ ആണ് ക്രിസ്തുവിൽ ആകുന്നത് എന്നും, നാം ക്രിസ്തുവിൽ ആകുമ്പോൾ എന്ത് സംഭവിക്കുന്നു എന്നും നമുക്ക് അറിയണമെങ്കിൽ  ക്രിസ്തുവിൽ ആകുന്നതിന്  മുൻപ് നാം ആരിൽ ആയിരുന്നു എന്നുംഅതിന്‍റെ ഫലം എന്തായിരുന്നു എന്നും നാം  അറിയണം.

 

നാം ഭൂമിയിൽ ജനിക്കുന്നതിനു മുൻപേ; നാം ക്രിസ്തുവിൽ ഉണ്ടായിരുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല. എന്നാല്‍ നാം എല്ലാവരും ആദമിൽ ഉണ്ടായിരുന്നു  എന്നാണ് ദൈവ വചനം പഠിപ്പിക്കുന്നത്.

 

പ്രവൃത്തികൾ  17:26 ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.

 

നാം ആദമിൽ ഉണ്ടായിരുന്നതിനാൽ  ആദം പാപം ചെയ്തപ്പോൾ നാം ആദത്തിൽ മരിച്ചു എന്നും ശിക്ഷാവിധിയിൽ  ആയി എന്നും,പിശാചിന്‍റെ അധികാരത്തിൽ ,ഇരുട്ടിന്‍റെ അധികാരത്തിൽ ആയി  എന്നും ദൈവത്തോട് ശത്രുക്കൾ ആയി  എന്നും ദൈവവചനം വ്യക്തമാക്കുന്നു.

 

റോമർ 5: 12 ഏക മനുഷ്യന്‍ മുഖാന്തിരം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. ഇങ്ങനെ എല്ലാവരും പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലും വ്യാപിച്ചു.

 

18 അങ്ങനെ ഒരു മനുഷ്യന്‍റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചു

 

എന്നാൽ ആദം പാപം ചെയ്തു പിശാചിന്‍റെ അധികാരത്തിൽ ആയപ്പോൾ തന്നെ, ആദമിൽ നിന്നല്ലാതെ, ആദത്തിൽ നിന്നും പകരപ്പെട്ട പാപം ഇല്ലാതെ ,സ്ത്രീയുടെ സന്തതിയായി ഒരു പൂർണ്ണ മനുഷ്യൻ വരും എന്നും, അവൻ പാപ പരിഹാരമായി മരിക്കുകയും അങ്ങനെ പാപത്തിന്‍റെ  അധികാരത്തിൽ നിന്നും മനുഷ്യനെ വിടുവിക്കുകയും ചെയ്യും  എന്നും ദൈവം വാഗ്ദത്തം ചെയ്തു. (ഉല്പത്തി 3:15)

 

ആദത്തിനു ശേഷം ഈ ഭൂമിയില്‍ പാപമില്ലാത്തവന്‍ ആയി,  പൂര്‍ണ്ണ മനുഷ്യന്‍ ആയി വന്നത് യേശുക്രിസ്തു എന്ന രണ്ടാം മനുഷ്യൻ ആയിരുന്നു.ആദമിൽ നിന്നും ജനിച്ച എല്ലാ പാപികൾ ആയ മനുഷ്യരിൽ നിന്നും വ്യത്യസ്‍തൻ ആയി ക്രിസ്തു രണ്ടാം പൂർണ്ണ മനുഷ്യൻ ആയി സ്വർഗത്തിൽ നിന്നും, കന്യകയിൽ കൂടി ജനിച്ചു.പിതാവായ ദൈവത്തോട് സമനായ പുത്രൻ  തന്നെത്താൻ ഒഴിച്ച്, തന്നെത്താൻ താഴ്ത്തി പൂർണ്ണ മനുഷ്യനായി ഭൂമിയിൽ ജനിച്ചു (ഫിലിപ്യർ 2:5,1 കൊരിന്ത്യർ 15:47)

 

അതിനാൽ ആണ് അദമിനെയും ക്രിസ്തുവിനെയും "ഏക മനുഷ്യന്‍" എന്നും ക്രിസ്തുവിനെ "രണ്ടാം മനുഷ്യന്‍" "ഒടുക്കത്തെ ആദം" എന്നൊക്കെയും ദൈവവചനം പരിചയപ്പെടുത്തുന്നത്.

 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുൻപ് തിരുവെഴുത്തുകളുടെ  നിവർത്തിയായി, ദൈവപുത്രനായ, പൂർണ്ണ മനുഷ്യനായ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്‍റെ പാപ പരിഹാരമായി ക്രൂശിൽ മരിച്ചു. അതിനെ പറ്റി  ദൈവവചനം ഇപ്രകാരം പറയുന്നു.

 

2 കൊരിന്ത്യർ 5:21 പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി

 

യേശുക്രിസ്തു മനുഷ്യന്‍റെ പാപപരിഹാരമായി ക്രൂശിൽ മരിച്ചതിൽ കൂടി ദൈവം, തന്നോട് ശത്രുക്കൾ ആയ മനുഷ്യനെ തന്നോട് നിരപ്പിക്കുവാൻ ഉള്ള പുതിയ ഉടമ്പടി സ്ഥാപിച്ചു.ക്രൂശിൽ ക്രിസ്തുവിന്‍റെ മരണം;  രണ്ടായിരം വർഷം മുൻപ് ഈ പുതിയ ഉടമ്പടിയിലൂടെയുള്ള നിരപ്പ്  മനുഷ്യവർഗത്തിന് ലഭ്യമാക്കി.അതിനെപ്പറ്റി ദൈവവചനം ഇപ്രകാരം പറയുന്നു.

 

2 കൊരിന്ത്യർ 5:18 അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു. 19ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.

 

അതായത് യേശുക്രിസ്തുവിന്‍റെ മരണത്തോടെ ദൈവം തന്‍റെ ശത്രുക്കൾ ആയ മനുഷ്യരെ ( ലോകത്തെ ) തന്നോട് നിരപ്പിക്കുവാൻ വേണ്ട പ്രവർത്തി പൂർത്തീകരിച്ചു.കാരണം യേശുക്രിസ്തു മരിച്ചത് സര്‍വ്വ ലോകത്തിന്‍റെയും പാപത്തിന്‍റെ പ്രായശ്ചിത്തമായാണ് (1യോഹന്നാൻ 2:2)ز

 

യേശുക്രിസ്തുവിന്‍റെ പ്രായശ്ചിത്ത മരണം  തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേര്‍ക്ക് വേണ്ടി പരിമിതപ്പെട്ട പ്രായശ്ചിത്ത മരണമായിരുന്നില്ല  (limited atonement )  , പകരം സര്‍വ്വ ലോകത്തിന്‍റെയും  പാപത്തിന്‍റെ പ്രായശ്ചിത്തമായാണ് ക്രിസ്തു മരിച്ചത്. കാരണം ദൈവം ആരും നശിച്ചു പോകാതെ  എല്ലാവരും രക്ഷിക്കപ്പെടേണം എന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ യേശു എല്ലാവര്ക്കും വേണ്ടി മരിച്ചു.(യോഹന്നാന്‍ 3:16)

യേശുക്രിസ്തുവിന്‍റെ ക്രൂശു മരണത്തിലൂടെ ലോകത്തെ  തന്നോട് നിരപ്പിക്കുവാൻ ഉള്ള പുതിയ ഉടമ്പടി ദൈവം സ്ഥാപിച്ചു.

 

ആ നിരപ്പിന്‍റെ വചനം ആണ് സുവിശേഷം.അതിൽ കൂടി ശത്രുക്കളായ  മനുഷ്യനോട് ദൈവത്തോട് നിരന്നു കൊള്ളൂവാൻ ദൈവം ആവശ്യപ്പെടുന്നു, ക്രിസ്‌തുവിന്‍റെ  സ്ഥാനാപതികൾ  ആയി നിൽക്കുന്ന സുവിശേഷകർ ആ നിരപ്പിന്‍റെ വചനം ലോകത്തോട്‌ പ്രസംഗിക്കുന്നു.

 

2 കൊരിന്ത്യർ 5: 20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു

 

സര്‍വ്വ ലോകത്തിന്‍റെയും പാപത്തിത്തിനു വേണ്ടി മരിക്കുക വഴി   യേശുക്രിസ്തുവിൽ ദൈവം ലോകത്തെ തന്നോട് നിരപ്പിക്കുവാൻ ഉള്ള പ്രവർത്തി പൂർത്തീകരിച്ചു. എങ്കിലും മനുഷ്യന്‍ യാന്ത്രികമായി ദൈവത്തോട് നിരക്കുകയില്ല. കാരണം ദൈവം മനുഷ്യനെ യന്ത്ര മനുഷ്യനായല്ല, പകരം സ്വതന്ത്രമായ സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ സൃഷ്ടിച്ചിരിക്കുന്നത്.അതിനാല്‍ ദൈവത്തോട് ശത്രുവായ മനുഷ്യൻ ദൈവത്തോട് നിരക്കുവാന്‍  ദൈവം ഒരു ഉപാധിയും, വ്യവസ്ഥയും വച്ചിരിക്കുന്നു.

 

അതിനു ദൈവം വച്ചിരിക്കുന്ന ഏക വ്യവസ്ഥയുംമുൻ ഉപാധിയും മാനസാന്തരവും വിശ്വാസവും  മാത്രമാണ. അതായത് ദൈവത്തോട് ശത്രുതയിൽ, ശിക്ഷാവിധിയിൽ, പിശാചിന്‍റെ അധികാരത്തിൽ, ഇരുട്ടിന്‍റെ അധികാരത്തിൽ ആയിരിക്കുന്ന മനുഷ്യൻ സുവിശേഷം എന്ന നിരപ്പിന്‍റെ സന്ദേശം കേൾക്കുകയുംമനസാന്തരപ്പെടുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ അവന്‍റെ പാപങ്ങള്‍ നീക്കപ്പെടുന്നു. അവൻ ആദത്തിൽ നിന്നും ക്രിസ്തുവിലേക്കു മാറ്റപ്പെടുന്നു.

 

അപ്പോസ്തോല പ്രവർത്തികൾ 3 : 19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ

 

അങ്ങനെ ഒരുവൻ ദൈവത്തിന്‍റെ നിരപ്പിന്‍റെ സന്ദേശം ആയ സുവിശേഷം കേട്ട്   മനസാന്തരപെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ , ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ  ആദം ദൈവത്തില്‍ നിന്നും പിശാചിലേക്ക് തിരിഞ്ഞപ്പോള്‍ സംഭവിച്ചതിനു നേരെ വിപരീതമായതാണ് സംഭവിക്കുന്നത്‌.

 

അപ്പോസ്തോല പ്രവര്‍ത്തികള്‍:  26:18 അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു, അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.

 

അങ്ങനെ ഒരുവൻ  ആദത്തിൽ നിന്നും ക്രിസ്തുവിലേക്കും, ശിക്ഷവിധിയിൽ നിന്നും നീതീകരണത്തിലേക്കും, അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കും, പിശാചിന്‍റെ അധികാരത്തിൽ നിന്നും ക്രിസ്തുവിനോട് അധികാരത്തിലേക്കും, ലോകത്തിൽ നിന്നും ദൈവാരാജ്യത്തിലേക്കും മാറ്റപ്പെടുന്നു.ശത്രുവായ മനുഷ്യന്‍ ദൈവത്തോട് നിരപ്പിക്കപ്പെടുന്നു.

കൊലോസ്യർ 1: 3അവിടുന്ന് അന്ധകാരത്തിന്‍റെ അധികാരത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്ത് തന്‍റെ പ്രിയ പുത്രന്‍റെ രാജ്യത്തിലേക്കു കൊണ്ടുവന്നു.

കൊലോസ്യർ 2:21 ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്‍റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്‍റെ ജഡശരീരത്തിൽ തന്‍റെ മരണത്താൽ നിരപ്പിച്ചു

അതോടൊപ്പം ഒരുവനില്‍ നടക്കുന്ന മറ്റു അനേക കാര്യങ്ങള്‍ ഉണ്ട് അവയില്‍ ചിലത്; നമ്മുടെ പഴയ മനുഷ്യൻ യേശുക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടുന്നു. നാം പുതിയ സൃഷ്ടിയായിപുതിയ മനുഷ്യനായി ഉയിർത്തെഴുനേൽക്കുന്നുനമ്മുടെ പാപഹൃദയം പരിശ്ചേദന ചെയ്യപ്പെടുന്നുപുതിയ ഹൃദയം നല്‍കപ്പെടുന്നു,അങ്ങനെ നാം പാപത്തിന്‍റെ അടിമത്വത്തിൽ നിന്നും എന്നെന്നേക്കുമായി സ്വാതന്ത്ര്യം പ്രാപിക്കുന്നുനാം പഴയ മനുഷ്യനെ ഉരിഞ്ഞ് കളയുന്നു,പുതിയ മനുഷ്യനെ ധരിക്കുന്നു,ക്രിസ്തുവിനെ ധരിക്കുന്നുക്രിസ്തു നമ്മില്‍ വന്നു സ്ഥിരമായി വാസം ചെയ്യുന്നു  . (റോമർ 6:1 -9, കൊലോസ്യർ 2:1 -12,ഗലാത്യർ 3 :21 -26, യോഹന്നാന്‍ 14: 23).

 

ഇതിനെയാണ് ഒരുവൻ ക്രിസ്തുവിൽ ആകുകഅഥവാ പുതിയ സൃഷ്ടി ആകുക എന്ന് ദൈവവചനം പറയുന്നത്.

 

 

2 കൊരിന്ത്യർ 5 ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നുപഴയത് കഴിഞ്ഞുപോയിഇതാഅതു പുതുതായി തീര്‍ന്നിരിക്കുന്നു.

 

അതെ; ഒരുവൻ  മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ മുകളിൽ നാം കണ്ട ആദമിൽ ഉള്ള എല്ലാ പഴയതുംമാറിപ്പോകുകയും അവൻ ക്രിസ്തുവിൽ ആയി ഒരു പൂര്‍ണ്ണമായും പുതിയ സൃഷ്ടി ആയിത്തീരുകയും ചെയ്യുന്നു.

 

ചുരുക്കത്തിൽ, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുൻപ് ക്രൂശിൽ മരിച്ചതിലൂടെ ദൈവം മനുഷ്യവർഗ്ഗത്തിന്‍റെ രക്ഷക്കായുള്ള പ്രവർത്തി ക്രൂശിൽ പൂർത്തീകരിച്ചു; മനുഷ്യനും ദൈവവും  തമ്മിൽ നിരപ്പിലാകുവാൻ വേണ്ടിയുള്ള ഉടമ്പടി ക്രിസ്തു തന്‍റെ രക്തത്താല്‍  സ്ഥാപിച്ചു.

 

എന്നാല്‍ ആ നിരപ്പിന്‍റെ സന്ദേശം, പുതിയ ഉടമ്പടിയുടെ സുവിശേഷം കേട്ട് മാനസാന്തരപ്പെട്ട്വിശ്വസിക്കുമ്പോൾ മാത്രമേ  ഒരുവൻ ദൈവവുമായി നിരപ്പിലാകുകയും ആ ഉടമ്പടിയിൽ പ്രവേശിക്കുകയും ഉള്ളൂ.അപ്പോള്‍ ആണ് ഒരുവന്‍ ക്രിസ്തുവില്‍ ആകുന്നതും പുതിയ സൃഷ്ടി ആകുന്നതും.

 

യോഹന്നാൻ 5;24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു

.

എഫെസ്യർ 1 :13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,  തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിന്നു വേണ്ടി തന്‍റെ മഹത്വത്തിന്‍റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു

 

 

1 യോഹന്നാന്‍  5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ

 

മാനസാന്തരം വിശ്വാസം എന്നിവ മാത്രമാണ് ഒരുവൻ ആദമിൽ നിന്നും ക്രിസ്തുവിൽ ആകുവാൻ ദൈവം വച്ചിരിരിക്കുന്ന ഏക ഉപാധിഏക മുന്‍വ്യവസ്ഥ

 

അതിനാൽ വിശ്വാസം എന്നത് കേവലം ദൈവം ചെയ്ത കാര്യങ്ങളുടെ തിരിച്ചറിവ് മാത്രമല്ല, വിശ്വാസം ദൈവീക വാഗ്ദത്തങ്ങൾ സ്വീകരിക്കുവാൻ ഉള്ള ഉപാധിയും വ്യവസ്ഥയും തന്നെയാണ്.അതിനാൽ തന്നെ ഈ രണ്ടു വ്യവസ്ഥകളുംഅപ്പോസ്തോലന്മാർ തുടർച്ചയായി പ്രസംഗിച്ചു.

 

അപ്പോസ്തോല പ്രവര്‍ത്തികള്‍:  20: 21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

 

ഈ വ്യവസ്ഥ പാലിക്കാത്ത ഒരുവനും ക്രിസ്തുവിൽ ആകുന്നില്ല, ആകുകയില്ല അവൻ അപ്പോൾ ആയിരിക്കുന്ന ശിക്ഷാവിധിയിൽ തന്നെ തുടരുന്നു.

 

യോഹന്നാന്‍ 3:18  അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.

 

മർക്കൊസ്16: 18 വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

 

റോമർ 8: 1 ഇപ്പോൾ ക്രിസ്തുയേശുവില്‍ ഉള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.

 

ചുരുക്കത്തില്‍ ദൈവം ക്രൂശില്‍ സര്‍വ്വലോകതെയും തന്നോട് നിരപ്പിക്കുവാന്‍ ഉള്ള പ്രവര്‍ത്തി എന്നന്നേക്കുമായി പൂര്‍ത്തീകരിച്ചു എങ്കിലും മാനസാന്തരംവിശ്വാസം എന്ന വ്യവസ്ഥ പാലിക്കുന്നതില്‍ കൂടിയേ ഒരുവന് ക്രിസ്തുവില്‍ ആകുവാന്‍ കഴിയൂ. അവന്‍ വിശ്വസിക്കുന്ന നിമിഷം ആദമില്‍ നിന്നും  ക്രിസ്തുവില്‍ ആയി അവന്‍ പുതിയ സൃഷ്ടി ആയി മാറുന്നു.

 

നാം ക്രിസ്തുവിൽ ആകുക എന്നത് എന്താണ് എന്നും, എപ്പോൾ ആണ് നാം ക്രിസ്തുവിൽ ആകുന്നത് എന്നും നാം കണ്ടു എന്നാൽ എന്താണ് ദൈവം നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്ന് പറയുന്നത്? അത് എപ്പോൾ നടക്കുന്നതാണ് ?

 

നാം മുകളിൽ കണ്ടത് പോലെ ഒരുവൻ ക്രിസ്തുവിൽ ആകുന്നത്,  സമയത്തിൽ, വിശ്വസിക്കുമ്പോൾ മാത്രം സംഭവിക്കുന്നതാണ്. എന്നാൽ കാല, സമയ  പരിമിതികളിൽ ഒതുങ്ങാത്തവൻ ആയ,  കാലാതീതതും, നിത്യനുമായ  ദൈവത്തിനു നാം എപ്പോൾ ക്രിസ്തുവിൽ ആകും എന്ന് മുന്നമേ അറിയുവാൻ കഴിയും. അതിനാൽ അവൻ ലോകസ്ഥാപനത്തിനു മുൻപേ ,സമയത്തിനും കാലത്തിനും മുൻപേ ക്രിസ്തുവിൽ വിശ്വസിക്കുവാൻ ഉള്ളവരെ, വിശ്വാസത്താല്‍ ക്രിസ്തുവിൽ ആകുവാൻ ഉള്ളവരെ മുന്നറിയുകയും,ആ മുന്നറിവില്‍ അവരെ ക്രിസ്തുവില്‍ ആകുവാൻ വേണ്ടി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

 

സമയത്തിന്‍റെയും കാലത്തിന്‍റെയും പരിമിതിയിൽ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നമ്മുടെ ബുദ്ധിയിൽ ഇത് പൂർണ്ണമായും മനസ്സിലാക്കാനും,ഇത് പൂര്‍ണ്ണമായും വിശദീകരിക്കുവാനും കഴിഞ്ഞു എന്ന് വരില്ല.എന്നാൽ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് എന്നത് ദൈവ വചനം പഠിപ്പിക്കുന്ന സത്യമാണ്.

 

എഫെസ്യർ 1: 4  തന്‍റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ ക്രിസ്തുവില്‍  തിരഞ്ഞെടുത്തു.

 

ക്രിസ്തുവില്‍ ഉള്ള തിരഞ്ഞെടുപ്പിനെപ്പറ്റി വിവിധ വ്യാഖ്യാനങ്ങള്‍ ഉണ്ട്. അതെപ്പറ്റിയുള്ള  വിശദമായ ഒരു ലേഖനം അല്ല ഇത്. ദൈവം അനുവദിച്ചാല്‍ പിന്നീടു അത് വിശദമായി എഴുതാം.

 

ചുരുക്കത്തിൽ  ഈ ലേഖനത്തിൽ കൂടി  വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നത്, ക്രിസ്തുവിൽ നമ്മെ  തിരഞ്ഞെടുക്കുക എന്നതും,  ക്രിസ്തുവിൽ ആകുക എന്നതും തികച്ചും വ്യത്യസ്‍തമായ രണ്ടു കാര്യങ്ങൾ ആണ് എന്നും  രണ്ടു കാലത്തിൽ നടക്കുന്നതുമാണ് എന്നുമാണ് .

 

ലേഖനത്തിന്‍റെ തുടക്കത്തിൽ പറഞ്ഞത് പോലെ ഒന്ന് ലോകസ്ഥാപനത്തിനു മുൻപേ നിത്യതയിൽ സംഭവിച്ചതും, ഒന്നു സമയത്തിൽ വിശ്വസിക്കുമ്പോൾ മാത്രം സംഭവിക്കുന്നതും.

വിശ്വസിക്കുമ്പോള്‍ നാം ലോകസ്ഥാപനത്തിനു മുന്‍പ് ക്രിസ്തുവില്‍ ആയിരുന്നു എന്ന് തിരിച്ചറിയുകയല്ലപകരം വിശ്വസിക്കുന്ന നിമിഷം ആണ് നാം ക്രിസ്തുവില്‍ ആകുകയാണ് ചെയ്യുന്നത്.കാരണം നാം ലോകസ്ഥാപനത്തിനു മുന്‍പേ ക്രിസ്തുവില്‍ ആയി എന്ന് ദൈവ വചനം പഠിപ്പിക്കുന്നതേയില്ല.

  

ഒരുവന്‍ ആദത്തില്‍ നിന്നും ക്രിസ്തുവില്‍ ആകുന്നത്‌ സുവിശേഷം എന്ന സത്യവചനം കേട്ട്, മാനസാന്തരപ്പെട്ട് വിശ്വസിക്കുമ്പോൾ മാത്രമാണ്. അപ്പോഴാണ് ഒരുവൻ പുതിയ സൃഷ്ടി ആകുന്നത്. ശിക്ഷാവിധി നീങ്ങിപ്പോകുന്നത്, ഇരുട്ടിന്‍റെ അധികാരത്തിൽ നിന്നും പുത്രന്‍റെ രാജ്യത്തിൽ ആകുന്നത്.

അതിനാൽ ലോകസ്ഥാപനത്തിനു മുൻപേ ദൈവം ക്രിസ്തുവിൽ വിശ്വസിക്കുവാനുള്ളവരെ , മുന്നറിഞ്ഞു എന്നതും ആ മുന്നറിവില്‍  ക്രിസ്തുവില്‍ ഏകീഭവിക്കുവാന്‍‍ വേണ്ടി തിരഞ്ഞെടുത്തു ( We are elected to be in Christ before the foundation of the world) എന്നത് ശരിയായ ദൈവവചന ഉപദേശമാണ്.

 

എന്നാൽ  തിരഞ്ഞെടുപ്പിൽ കൂടി നാം ലോകസ്ഥാപനത്തിനു മുൻപേ തന്നെ ക്രിസ്തുവിൽ ആയി ( we are in christ by election before the foundation of the world), യേശുക്രിസ്തു ഭൂമിയില്‍ ജീവിച്ചപ്പോള്‍ അങ്ങനെയുള്ളവർ  ക്രിസ്തുവിന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു എന്നോക്കെയുള്ള  ഉപദേശങ്ങൾ  ദൈവ വചന പ്രകാരം തികച്ചും തെറ്റായ ഉപദേശമാണ്.

 

അതിനാൽ   വിശ്വാസത്താൽ ആണ് , വിശ്വസിക്കുമ്പോൾ  മാത്രമാണ് നാം ക്രിസ്തുവിൽ ആകുന്നത്  ( we are IN  christ  Faith Alone  ). 


Related Articles

Top