പുതിയനിയമത്തിലെ ഏറ്റവും ആഴത്തിലുള്ള ലേഖനങ്ങളിൽ ഒന്നാണ് ഹെബ്രായ ലേഖനം. ബൈബിളിലെ മറ്റേതൊരു പുസ്തകത്തേക്കാളും യേശുക്രിസ്തുവിന്‍റെ മാഹാത്മ്യം ശക്തമായി എബ്രായ ലേഖനത്തിൽ വിശദീകരിക്കുന്നു. ഒന്നാമത്തെ അദ്ധ്യായത്തിൽ യേശുക്രിസ്തു ദൂതന്മാരെക്കാള്‍ ശ്രേഷ്ഠനാണ് എന്ന് വിശദീകരിച്ചു തുടങ്ങുകയും തുടര്‍ന്ന് ക്രിസ്തു മോശയെക്കാളും, യോശുവയെക്കാളും മഹാ പുരോഹിതനായ അഹരോനേക്കാളും ശ്രേഷ്ഠനാണ് എന്നും ഗ്രന്ഥകര്‍ത്താവു തെളിയിക്കുകയും ചെയ്യുന്നു.
യേശുക്രിസ്തുതുവിൻ്റെ ദൈവത്വം ആദ്യ അധ്യായത്തിൽ വ്യക്തമായി തെളിയിച്ച ശേഷം , മഹാപുരോഹിതൻ എന്ന നിലയിൽ ക്രിസ്തുവിൻ്റെ മനുഷ്വത്വത്തിനാണ് ലേഖകൻ കൂടുതൽ ഊന്നൽ നൽകുന്നത്.
കൂടാതെ കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താൽ സ്ഥാപിക്കപ്പെട്ട പഴയ ഉടമ്പടിയേക്കാള്‍ യേശുവിന്‍റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയുടെ മാഹാത്മ്യം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. ക്രിസ്തുവിന്‍റെ പൂർണതയുള്ള യാഗത്തിന്‍റെ സവിശേഷത, ഒരു വ്യക്തിക്ക് എങ്ങനെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാന്‍ കഴിയും, എങ്ങനെ ദൈവീകസ്വസ്ഥതയിൽ സ്ഥിരമായി വസിക്കുവാന്‍ കഴിയും, എങ്ങനെ പുതിയ ഉടമ്പടിയിലെ അതി ശ്രേഷ്‌ഠമായ വാഗ്ദത്തങ്ങള്‍ അനുഭവിക്കാന്‍ കഴിയും എന്നീ വിഷയങ്ങൾ ലേഖകന്‍ വിശദീകരിക്കുന്നു
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഈ പുസ്തകം വ്യക്തമാക്കുന്നു. യേശുക്രിസ്തു എങ്ങനെയാണ് മെച്ചപ്പെട്ട വാഗ്ദാനങ്ങളിൽ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ ആകുന്നത് എന്ന് ഈ പുസ്തകത്തിലൂടെ നമുക്ക് മനസിലാക്കാം.
യേശുക്രിസ്തുവിന്‍റെ രണ്ടു അതിപ്രധാന ശുശ്രൂഷകളായ പാപപരിഹാര യാഗമായ ദൈവ കുഞ്ഞാട്, നമ്മെ ദൈവസന്നിധിയിൽ പ്രതിനിധീകരിക്കുന്ന മഹാപുരോഹിതൻ എന്നിവ ഏറ്റവും വ്യക്തമായി വിവരിക്കുന്ന ഗ്രന്ഥവും ഹെബ്രായ ലേഖനമാണ്.മാത്രമല്ല, മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരം യേശുവിനെ മഹാപുരോഹിതനായി അവതരിപ്പിക്കുന്ന ബൈബിളിലെ ഏക ഗ്രന്ഥവും ഇതുതന്നെ.
ദൈവത്തിന്‍റെ മുൻപാകെ നമ്മുടെ മഹാപുരോഹിതനായി യേശു വഹിച്ച പങ്ക് ഈ പുസ്തകത്തിൽ അതിമനോഹരമായി വ്യക്തമാക്കുന്നു. യേശുക്രിസ്തുവിന്‍റെ ഉന്നതമായ പൌരോഹിത്വത്തെപ്പറ്റി നാം പഠിക്കുകയാണ് എങ്കിൽ അതിനെ ഹെബ്രായ ലേഖനത്തിന്‍റെ അടിസ്ഥാനത്തിൽ പഠിക്കേണ്ടത് ആവശ്യമാണ്.
ഈ പഠനം ഹെബ്രായ ലേഖനത്തിലെ എല്ലാ വാക്യങ്ങളുടെയും പദാനുപദ വ്യാഖ്യാന പഠനമാണ് , അതിലൂടെ നമുക്ക് പകരമായി യാഗമായ ദൈവകുഞ്ഞാട് എന്ന നിലയിലും നമ്മെ ദൈവസന്നിധിയിൽ പ്രതിനിധീകരിക്കുന്ന മഹാപുരോഹിതൻ എന്ന നിലയിലും നമുക്ക് വേണ്ടി ദൈവമുമ്പാകെയുള്ള തന്‍റെ ശുശ്രൂഷയെക്കുറിച്ചു വ്യക്തമായി പഠിക്കുന്നതിനുമുള്ള ശ്രമമാണ്.
=============
ജിനു നൈനാൻ
പുതിയനിയമത്തിലെ ഏറ്റവും ആഴത്തിലുള്ള ലേഖനങ്ങളിൽ ഒന്നാണ് ഹെബ്രായ ലേഖനം. എന്നാൽ ബൈബിളിലെ ഏതൊരു ലേഖനത്തെയും പോലെ ഹെബ്രായ ലേഖനത്തിന്‍റെ പശ്ചാത്തലം, ഉള്ളടക്കം, ലേഖനത്തിന്‍റെ ഉദ്ദേശം, രചനാ ശൈലി എന്നിവ മനസ്സിലാക്കിയില്ല എങ്കിൽ അതിൽ കൂടി ലേഖകൻ കൈമാറ്റം ചെയ്യുവാൻ ഉദ്ദശിക്കുന്ന വിഷയം നമുക്ക് മനസ്സിലാവുകയില്ല.
ലേഖന കർതൃത്വം
ഹെബ്രായ ലേഖനം ആരാണ് എഴുതിയത് എന്ന് വ്യക്തമല്ല. ആദിമസഭയുടെ കാലം മുതൽ തന്നെ ഗ്രന്ഥ കർതൃത്വത്തെ പറ്റി വിവിധമായ അഭിപ്രായങ്ങൾ നിലവിലുണ്ട്.
ലേഖനത്തിന്‍റെ ആശയഗംഭീരത്വം നിമിത്തവും, തിമോത്തിയോസിനെക്കുറിച്ചുള്ള പരാമർശവും കാരണം ഇത് പൗലോസ് തന്നെ എഴുതിയതാണ് എന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. KJV ബൈബിളിലും മറ്റും പൗലോസ് എഴുതിയത് എന്ന് തന്നെയാണ് ആമുഖമായി കൊടുത്തിരിക്കുന്നത്.
എന്നാൽ പൗലോസ് എഴുതാനുപയോഗിക്കുന്ന ഗ്രീക്കിൽ നിന്നും വ്യത്യസ്തമായി ക്ലാസ്സിക്കൽ ഗ്രീക്കിൽ സാഹിത്യഭംഗിയോടെ ഹെബ്രായ ലേഖനം എഴുതിയി രിക്കുന്നതിനാലും, പൗലോസ് ലേഖനങ്ങളിൽ എല്ലാം തന്‍റെ പേര് ചേർക്കുന്നതിനാലും ഇത് പൗലോസ് അല്ല എഴുതിയത് എന്നാണ് പൊതുവെ അനുമാനിക്കപ്പെടുന്നതു.
യഹൂദ മതത്തിലെ ആചാരണങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് ലേഖന കർത്താവ് എന്നതിനാൽ, പ്രിസ്ക്രില്ല ആണ് ഈ ലേഖനം എഴുതിയത് എന്നും, അതുമല്ല അപ്പല്ലോസ് എഴുതിയതാണ് എന്നുമുള്ള അഭിപ്രായം ആദിമ കാലം മുതൽ നിലനിന്നിരുന്നു.
ആദിമ സഭാപിതാക്കന്മാരിൽ ഒരാളായ തെർത്തുല്യൻ ഈ ലേഖനം ബർണബാസ് എഴുതിയതാണ് എന്ന് അഭിപ്രായപ്പെടുന്നു.
അലക്സാൻഡ്രിയയിലെ ഒറിഗൺ എന്ന സഭാപിതാവ് പറയുന്നത് ഇത് ലൂക്കോസ് എഴുതിയതാണ് എന്ന ചില സൂചനകൾ ഉണ്ട് എന്നാണ്.
എന്നാൽ ഇതിനൊന്നും തന്നെ ഒരു ഏകീകൃത അഭിപ്രായം ഒരു കാലത്തും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ലേഖനത്തിന്‍റെ ഗ്രന്ഥകർത്താവ് ആരാണ് എന്നത് ഇന്നും അജ്ഞാതമാണ്
സഭാപിതാവ് ആയ ഒറിഗന്‍റെ തന്നെ വാക്കുകൾ കടമെടുത്താൽ 'എബ്രായ ലേഖനത്തിന്‍റെ ഗ്രന്ഥകർത്താവ് ആരാണ് എന്ന് യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ'. (Eusebius, Ecclesiastical History 6.25.14)
ലേഖന കാലഘട്ടം
ഹെബ്രായ ലേഖന കാലഘട്ടവും ഈ ലേഖനത്തിലെ വിഷയങ്ങളിൽ നിന്നും നമുക്ക് ഊഹിച്ചെടുക്കാൻ മാത്രമേ കഴിയുകയുള്ളൂ.
എട്ടാം അധ്യായത്തിലെ പരാമർശത്തിൽ നിന്നും യഹൂദ ദേവാലയം തകർക്കപ്പെടുന്നതിനുമുമ്പുള്ള ( AD 70 ) കാലഘട്ടത്തിലാണ് ഈ ലേഖനം എഴുതിയത് എന്ന് അനുമാനിക്കാം.
അതുപോലെതന്നെ അഞ്ചാം അധ്യായത്തിൽ വിശ്വാസികൾ ആത്മീയ പക്വത എത്തേണ്ട സമയം ആയി എന്നുള്ള പരാമർശത്തിൽ നിന്നും പല വർഷങ്ങൾ ക്രിസ്തീയ വിശ്വാസത്തിൽ ആയവർക്ക് ആണ് ഈ ലേഖനം എഴുതുന്നത് എന്ന് മനസ്സിലാക്കാം.
13 ആം അധ്യായത്തിലെ നിങ്ങളെ നടത്തിയവരെ അനുസരിച്ചു കീഴടങ്ങിരിക്കുവാനും അവരുടെ ജീവിതാവസാനം അനുകരിക്കാനുള്ള പ്രബോധന ത്തിൽ നിന്നും ഇത് രണ്ടാം തലമുറയിൽ ഉള്ള ക്രിസ്തീയ വിശ്വാസികൾക്ക് ആണ് എഴുതിയത് മനസ്സിലാക്കാൻ കഴിയും.
മാത്രമല്ല ക്രിസ്തീയ പീഡനം ആരംഭിച്ചതിനു ശേഷമാണു ഈ ലേഖനം എഴുതപ്പെട്ടത് എന്നും ഒൻപതാം അധ്യായത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. നീറോ റോമിൽ ഭരണത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് (AD 54 - 68 ) ക്രിസ്തീയ പീഡനം ആരംഭിച്ചത് എന്നാണ് ചരിത്രം പറയുന്നത്.
ഇത്തരം സൂചനകളിൽ നിന്നും ഹെബ്രായ ലേഖനം ഈ AD 60 - 70 കാലഘട്ടത്തിലാണ് എഴുതിയത് എന്നും, ഇറ്റലിക്കാർ വന്ദനം ചെയ്യുന്നു എന്ന പരാമർശത്തിൽ നിന്നും ഈ ലേഖനം റോമിലുള്ളവർക്ക് എഴുതിയ താണ് എന്നും കരുതപ്പെടുന്നു
ലേഖനത്തിന്‍റെ സ്വീകർത്താക്കൾ
പുതിയ നിയമത്തിൽ യഹൂദ ക്രിസ്ത്യാനികളെ മാത്രം ഉദ്ദേശിച്ചു എഴുതിയ ഏക ലേഖനമാണ് എബ്രായ ലേഖനം. ലേവ്യ പൗരോഹിത്യം, യാഗങ്ങൾ, യഹൂദ ആരാധനാക്രമം എന്നിവയ്ക്ക് ഊന്നൽ നൽകി എഴുതിയിരിക്കുന്നത് കൊണ്ടും അന്യദേവ ആരാധനയെപറ്റിയോ അത്തരം സമ്പ്രദായങ്ങളെ പറ്റിയോ ഒന്നും പരാമർശിക്കാത്തതു കൊണ്ടും ഈ ലേഖനം യഹൂദാ വിശ്വാസികൾക്ക് ആണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.
ലേഖന പശ്ചാത്തലം
യഹൂദ വിശ്വാസത്തിൽ നിന്നും ക്രിസ്തീയ മാർഗ്ഗത്തിലേക്കു വന്ന വിശ്വാസികൾക്കാണ് ഈ ലേഖനം എഴുതുന്നത് , അവർക്കുണ്ടായ പീഡനങ്ങൾ നിമിത്തം ക്രിസ്തീയവിശ്വാസത്തെയും ക്രിസ്തുവി നെയും തള്ളിക്കളഞ്ഞു യഹൂദ മതത്തിലേക്ക് പോകുവാൻ യഹൂദ ക്രിസ്ത്യാനികൾ പ്രേരിപ്പിക്കപ്പെടുന്നു.
ഈ പശ്ചാത്തലത്തിൽ, ക്രിസ്തുവിലുള്ള ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കുവാൻ പ്രോത്സാഹിപ്പിച്ചു കൊണ്ട്, ക്രിസ്തു മാർഗ്ഗം, തങ്ങൾ വിട്ടു പോന്ന യഹൂദ വിശ്വാസത്തെക്കാൾ അതിശ്രേഷഠമാണ് എന്നും, ക്രിസ്തു പഴയ നിയമ പ്രവാചകന്മാരെക്കാളും, ദൂതന്മാരെക്കാളും, മോശയെക്കാളും, യോശുവയെക്കാളും പഴയ നിയമപുരോഹിതന്മാരെ ക്കാളും ശ്രേഷ്ഠനാണ് എന്നും പഴയനിയമ തിരുവെഴുത്തുകളിൽ നിന്ന് തന്നെ യഹൂദ വിശ്വാസികൾക്ക് ഗ്രന്ഥകര്‍ത്താവു തെളിയിച്ചു കൊടുക്കുന്നു.
പാപങ്ങളെ ഒരു നാളും നീക്കുവാൻ കഴിയാത്ത പഴയ നിയമ യാഗങ്ങളുടെ ന്യൂനതയും, പാപങ്ങളെ എന്നേക്കുമായി നീക്കിക്കളയുന്ന ദൈവകുഞ്ഞാടിന്‍റെ പരമ യാഗത്തിന്‍റെ ശ്രെഷ്ഠതയും ലേഖനം ഊന്നി പറയുന്നു.
കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താൽ സ്ഥാപിക്കപ്പെട്ട പഴയ ഉടമ്പടിയേക്കാള്‍ യേശുവിന്‍റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയുടെ മാഹാത്മ്യം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു .
ലേഖനത്തിന്‍റെ ഉള്ളടക്കം
ബൈബിളിലെ മറ്റേതൊരു പുസ്തകത്തേക്കാളും യേശുക്രിസ്തുവിന്‍റെ മാഹാത്മ്യം ശക്തമായി എബ്രായ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
ക്രിസ്തുവിന്‍റെ മഹാപൗരോഹിത്വത്തിന്‍റെ ശ്രെഷ്ഠത, തന്‍റെ പൂർണതയുള്ള യാഗത്തിന്‍റെ സവിശേഷത, ഒരു വ്യക്തിക്ക് എങ്ങനെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാന്‍ കഴിയും, എങ്ങനെ ദൈവീകസ്വ സ്ഥതയിൽ സ്ഥിരമായി വസിക്കുവാന്‍ കഴിയും, എങ്ങനെ പുതിയ ഉടമ്പടിയിലെ അതി ശ്രേഷ്‌ഠമായ വാഗ്ദത്തങ്ങള്‍ അനുഭവിക്കാന്‍ കഴിയും എന്നീ വിഷയങ്ങൾ ലേഖകന്‍ വിശദീകരിക്കുന്നു
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഈ പുസ്തകം വ്യക്തമാക്കുന്നു. യേശുക്രിസ്തു എങ്ങനെയാണ് മെച്ചപ്പെട്ട വാഗ്ദാനങ്ങളിൽ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ ആകുന്നത് എന്ന് ഈ പുസ്തകത്തിലൂടെ നമുക്ക് മനസിലാക്കാം.
യേശുക്രിസ്തുവിന്‍റെ രണ്ടു അതിപ്രധാന ശുശ്രൂഷകളായ പാപപരിഹാര യാഗമായ ദൈവ കുഞ്ഞാട്, നമ്മെ ദൈവസന്നിധിയിൽ പ്രതിനിധീകരിക്കുന്ന മഹാപുരോഹിതൻ എന്നിവ ഏറ്റവും വ്യക്തമായി വിവരിക്കുന്ന ഗ്രന്ഥവും ഹെബ്രായ ലേഖനമാണ്. മാത്രമല്ല, മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരം യേശുവിനെ മഹാപുരോഹിതനായി അവതരിപ്പിക്കുന്ന ബൈബിളിലെ ഏക ഗ്രന്ഥവും ഇതുതന്നെ.
ഇത്തരം അതിഗഹനമായ അനേക ദൈവശാസ്ത്ര വിഷയങ്ങൾ ഈ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നു എങ്കിലും ആത്യന്തികമായി ലേഖകൻ ക്രിസ്തുവിനെ വിശ്വാസത്താൽ അവസാനത്തോളം പിന്തുടരുവാ നുള്ള പ്രോത്സാഹനവും, അവിശ്വാസത്താൽ , ക്രിസ്തുവിനെ തള്ളിക്കളഞ്ഞു പിന്മാറ്റത്തിലേക്കു പോയാൽ ഉണ്ടാക്കുന്ന ഭവിഷ്വത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ ലേഖനത്തിൽ കൂടി കൊടുക്കുന്നത്.
അതിനാൽ ലേഖകൻ പുതിയ ഉടമ്പടിയിൽ കൂടി വിശ്വാസികൾക്ക് ലഭിക്കുന്ന അതിശ്രേഷ്ടമായ നന്മകളെക്കുറിച്ചും , ക്രിസ്തുവിനെ തള്ളിക്കളഞ്ഞു വിശ്വാസത്യാഗത്തിലേക്കു പോയാൽ ഉണ്ടാകുന്ന നിത്യശിക്ഷാവിധിയെക്കുറിച്ചും അനേക ഉദാഹരണങ്ങളിൽ കൂടി ഓർമ്മപ്പെടുത്തുന്നു.
ലേഖന രചനാ ശൈലി
പുതിയ നിയമത്തിലെ മറ്റേതു ലേഖനത്തെക്കാളും വ്യത്യസ്തമായി, സാധാരണ ഗ്രീക്ക് ഭാഷക്ക് പകരം സാഹിത്യ കൃതികളിൽ ഉപയോഗിക്കുന്ന ക്ലാസ്സിക്കൽ ഗ്രീക്ക് ഭാഷയാണ് ഹെബ്രായ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഈ ലേഖനത്തിന്‍റെ രചനാശൈലിയുടെ പ്രത്യേകത താൻ കൈമാറ്റം ചെയ്യുന്ന ആശയത്തിന്‍റെ തുടർച്ചയാണ്, ഒരേ വിഷയത്തിൽ നിന്നുകൊണ്ടുള്ള പടിപടിയായ ആശയ പ്രകാശനം ആണ് ലേഖനത്തിൽ ഉള്ളത്.
മിക്ക അധ്യായത്തിനും ആരംഭത്തിൽ മുൻപ് പറഞ്ഞതിന്‍റെ തുടർച്ചയെ കാണിക്കുന്ന 'അത് കൊണ്ട്' എന്ന പദം കാണാൻ കഴിയും. അതിനാൽ തന്നെ ഈ ലേഖനം മുഴുവനായി മനസ്സിലാക്കാതെ അധ്യായം തിരിച്ചു വെവ്വേറെയായി പഠിക്കുന്നത് ലേഖകൻ ഉദ്ദേശിക്കാത്ത ആശയത്തിലേക്കു നമ്മെ കൊണ്ട് പോകാൻ സാധ്യതയുണ്ട്. ഹെബ്രായ ലേഖനത്തിൽ നിന്നും അനേകം തെറ്റായ ഉപദേശങ്ങളും, ദുരുപദേശങ്ങളും ഉണ്ടായി വരാനുള്ള ഒരു പ്രധാന കാരണവും ഇത് തന്നെയാണ്.
ലേഖനത്തിൽ താൻ മുൻപോട്ടു അവതരിപ്പിക്കാൻ പോകുന്ന വിഷയത്തിന്‍റെയോ, വ്യക്തികളുടെയോ സൂചന ആദ്യമേ കൊടുത്തിട്ടു, പിന്നീട് അതിൽ നിന്നുമുള്ള വിശദീകരണം പിന്നീട് കൊടുക്കുന്ന രചന ശൈലിയാണ് ലേഖകൻ സ്വീകരിച്ചിരിക്കുന്നത്.
ഉദാഹരണത്തിന് ഒന്നാം അധ്യായത്തിൽ യേശുക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷയെ പറ്റി സൂചന നൽകിയതിന് ശേഷം, രണ്ടാം അധ്യായത്തിൽ ആദ്യമായി ക്രിസ്തു മഹാപുരോഹിതൻ ആണ് എന്ന് പറയുന്നു. തുടർന്ന് അഞ്ചാം അധ്യായത്തിൽ ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ് എന്ന് തെളിയിച്ച ശേഷം, ഏഴാം അധ്യായത്തിൽ വിശദമായി മൽക്കിസെദേ ക്കിന്‍റെ ക്രമ പ്രകാരമുള്ള പുരോഹിത്വത്തിന്‍റെ ശ്രെഷ്ഠത വെളിപ്പെടുത്തുന്നു.
ഹെബ്രായ ലേഖനത്തിന്‍റെ രചനാശൈലിയിയിലെ മറ്റൊരു ഒരു പ്രത്യേകത പഴയ നിയമത്തിലെ ഏറ്റവും പ്രാധാന്യമുള്ള മിശിഹൈക സങ്കീർത്തമായ 110 ൽ നിന്നുള്ള ഉദ്ധരണികളിലൂടെയുള്ള ലേഖനത്തിന്‍റെ വ്യാഖ്യാനമാണ്.
പ്രത്യേകിച്ച് 110 ആം സങ്കീർത്തനത്തിലെ ഒന്നാം വാക്യവും, നാലാം വാക്യവും ലേഖകൻ തുടർച്ചയായി ഉദ്ധരിക്കുകയും, വിശദീകരിക്കുകയും ചെയ്യുന്നു.
ഈ വാക്യങ്ങൾ വ്യാഖ്യാനിക്കുന്നതിലൂടെ യേശുക്രിസ്തുവിന്‍റെ മഹാപൗരോഹിത്വം തെളിയിക്കു ന്ന പുതിയ നിയമത്തിലെ ഏക പുസ്തകമാണ് ഹെബ്രായ ലേഖനം.
110 ആം സങ്കീർത്തനത്തിലെ ഒന്നാം വാക്യം പുതിയ നിയമത്തിൽ ഉടനീളം ഉദ്ധരിച്ചിട്ടുണ്ട്. എങ്കിലും, നാലാം വാക്യം ഹെബ്രായ ലേഖനത്തിൽ മാത്രമാണ് ഉദ്ധരിച്ചിട്ടുള്ളതും വ്യാഖ്യാനിച്ചിട്ടുള്ളതും.
ആ വാക്യത്തിന്‍റെ പടിപടിയായുള്ള വിശദീകരണത്തിലൂടെയാണ് ലേഖനം പുരോഗമിക്കുന്നത്. മാത്രമല്ല ലേഖനത്തിലെ ഏഴാം അധ്യായം പൂർണ്ണമായും 110 ആം സങ്കീർത്തനത്തിലെ 4 ആം വാക്യത്തിന്‍റെ വ്യാഖ്യാനമാണ്.
ആത്യന്തികമായി ഈ ലേഖനത്തിന്‍റെ ലക്ഷ്യം, ക്രിസ്തുവിനെ വിട്ടു പിന്മാറി യഹൂദ മതത്തിലേക്കും, യഹൂദാ ആചാര അനുഷ്ടാനങ്ങളിലേക്കും മടങ്ങി പോകുന്നവരെ ഉദ്ദേശിച്ചായതിനാൽ, പിന്മാറി പോകുന്നവർക്കുള്ള ശാസനകളും, താക്കീതുകളും, മുന്നറിയിപ്പുകളും,അപായ സൂചനകളും അതോ ടൊപ്പം തന്നെ വിശ്വാസത്താൽ മുന്നോട്ട് പോകുന്നവർക്കുള്ള പ്രോത്സാഹനങ്ങളും, വിശ്വാസ ത്തിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യപ്പെടു ത്തലും,ഉപദേശങ്ങളും, ഉദ്‌ബോധനങ്ങളും നിറഞ്ഞ താണ് ലേഖനത്തിന്‍റെ രചനാ ശൈലി.
Finding Salvation Through Jesus Christ